മൈതാനത്ത് ചെറുതായൊന്ന് കോര്‍ത്തു; വലിയ പണികിട്ടി മോറിസും പാണ്ഡ്യയും
ലെവല്‍ വണ്‍ കുറ്റമാണ് ഹര്‍ദിക്കിനും മോറിസിനും എതിരെ ചുമത്തിയിരിക്കുന്നത്.
അബുദാബി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തില്‍ തമ്മില്‍ കോര്‍ത്ത ക്രിസ് മോറിസിനും ഹര്‍ദിക് പാണ്ഡ്യക്കും ശാസന. മുംബൈ ഇന്ത്യന്‍സ് ഇന്നിംഗ്‌സിലെ 19-ാം ഓവറിലായിരുന്നു സംഭവം. മോറിസിനെ സിക്‌സര്‍ പറത്തിയ ശേഷം പാണ്ഡ്യയാണ് വാക്‌വാദത്തിന് തുടക്കമിട്ടത്. പിന്നാലെ അഞ്ചാം പന്തില്‍ പാണ്ഡ്യയെ മടക്കി മോറിസ് പകരംവീട്ടുകയും ഇരുതാരങ്ങളും തമ്മില്‍ വാക്‌പോര് തുടരുകയുമായിരുന്നു.
വിഷയത്തില്‍ ഇരുവരും കുറ്റക്കാരാണ് എന്നാണ് മാച്ച് റഫറിയുടെ കണ്ടെത്തല്‍. ലെവല്‍ വണ്‍ കുറ്റമാണ് ഹര്‍ദിക്കിനും മോറിസിനും എതിരെ ചുമത്തിയിരിക്കുന്നത്.
മത്സരം സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിംഗ് മികവില്‍ അഞ്ച് വിക്കറ്റിന് മുംബൈ ഇന്ത്യന്‍സ് വിജയിച്ചു. ബാംഗ്ലൂരിന്റെ 164 റൺസ് മുംബൈ അഞ്ച് പന്ത് ശേഷിക്കേ മറികടന്നു. 43 പന്തില്‍ 10 ഫോറും മൂന്ന് സിക്‌സറുകളും സഹിതം പുറത്താകാതെ 79 റണ്‍സെടുത്ത സൂര്യകുമാറാണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 45 പന്തില്‍ 74 റണ്‍സെടുത്ത മലയാളി ഓപ്പണര്‍ ദേവ്‌ദത്ത് പടിക്കലിന്‍റെ ബാറ്റിംഗ് മികവിലാണ് 164 റണ്‍സെടുത്തത്. സഹ ഓപ്പണര്‍ ഫിലിപ്പ് 24 പന്തില്‍ 33 റണ്‍സും നേടി.
പറക്കും പടിക്കല്‍; ലോകോത്തര ക്യാച്ചുമായി മലയാളി താരം- വീഡിയോ