രണ്ടാം പാതിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തിരിച്ചെത്തുമോ? ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ
ആദ്യ ഏഴ് മത്സരങ്ങളില്‍ അഞ്ചിലും പരാജയപ്പെട്ടിട്ടും 2010ലേതു പോലുളള തിരിച്ചുവരവിനായി ആരാധകര്‍ കാത്തിരിക്കുന്നുണ്ട് ചെന്നൈ ആരാധകര്‍. എന്നാല്‍ ടീം ക്യാംപ് നിറയെ ആശങ്കകള്‍.
ദുബായ്: ഐപിഎല്‍ രണ്ടാം പകുതിക്ക് ഇന്ന് തുടക്കം. ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ആദ്യ ഏഴ് മത്സരങ്ങളില്‍ അഞ്ചിലും പരാജയപ്പെട്ടിട്ടും 2010ലേതു പോലുളള തിരിച്ചുവരവിനായി ആരാധകര്‍ കാത്തിരിക്കുന്നുണ്ട് ചെന്നൈ ആരാധകര്‍. എന്നാല്‍ ടീം ക്യാംപ് നിറയെ ആശങ്കകള്‍.
പ്ലേ ഓഫ് സ്വപ്‌നങ്ങള്‍ അകന്നു തുടങ്ങിയതായി പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളമിംഗ് അംഗീകരിച്ചിരുന്നു. പവര്‍പ്ലേയില്‍ വേഗം പോരാ, മധ്യഓവറുകളിലും കിതപ്പ്, ഡെത്ത്
ഓവറുകളില്‍ ആഞ്ഞടിക്കാന്‍ ആളില്ല. ബൗളിംഗില്‍ എക്‌സ്ട്രാസും ലൂസ് ബോളുകളും ധാരാളം. ഫീല്‍ഡിംഗില്‍ വിശ്വസ്തര്‍ക്ക് പോലും പിഴവുകള്‍. ഒരു പ്രശ്‌നത്തിന് പരിഹാരം ആകുമ്പോള്‍ പുതിയ തലവേദനകള്‍ ഉണ്ടാകുന്നതിലാണ് ധോണിയുടെ പരിഭവം.
തുടക്കം മുതലേ ആഞ്ഞടിക്കാന്‍ നോക്കിയേ മതിയാകൂ എന്നാണ് നായകന്റെ അന്ത്യശാസനം. അതേസമയം സിഎസ്‌കെയെ എഴുതിത്തള്ളാറായിട്ടില്ലെന്ന് ബൗളിംഗ് കോച്ച് ലക്ഷ്മിപതി ബാലാജി വ്യക്തമാക്കി. ധോണി ഫോമിലേക്ക് തിരിച്ചെത്തുമെന്നും ബാലാജി പറഞ്ഞു.
രാജസ്ഥാനെതിരെ കൈയിലെത്തിയ ജയം നഷ്ടമാക്കിയതിന്റെ നിരാശയിലാകും സണ്‍റൈസേഴ്‌സ് ക്യാംപ്. മധ്യനിര ദുര്‍ബലമായതിനാല്‍ വാര്‍ണറിന് സ്വാഭാവിക ശൈലിയില്‍ ബാറ്റുവീശാനാകുന്നില്ലെന്ന പരാതിയുണ്ട്. ദുബായില്‍ ഇതുവരെ നടന്ന 12 കളിയില്‍ പത്തിലും ആദ്യം ബാറ്റുചെയ്തവര്‍കൊപ്പമായിരുന്നു. 13 തവണ ഇരുവുരം ഏറ്റമുട്ടിയപ്പോള്‍ 9 മത്സരങ്ങളിലും ചെന്നൈ ജയിച്ചു. ഹൈദരാബാദിന് നാല് ജയമാണുള്ളത്.