ഐപിഎല്‍ ക്ലാസിക്കില്‍ മുംബൈയോ ചെന്നൈയോ; പ്രവചനവുമായി ദാദ
ധോണിപ്പടയും ഹിറ്റ്‌മാന്‍ സംഘവും ഏറ്റുമുട്ടുന്ന ആവേശപ്പോരില്‍ ആര് ജയിക്കുമെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്‍റും ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ നായകനുമായ സൗരവ് ഗാംഗുലി.
അബുദാബി: ഐപിഎല്ലിലെ ബന്ധവൈരികളായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലുള്ള വീറുറ്റ പോരാട്ടത്തോടെയാണ് പതിമൂന്നാം സീസണിന് തുടക്കമാവുന്നത്. ഷെയ്ഖ് സയീദ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് മത്സരം ആരംഭിക്കും. മുംബൈ നിലവിലെ ചാമ്പ്യന്‍മാരാണ് എങ്കില്‍ ചെന്നൈ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളാണ്. ധോണിപ്പടയും ഹിറ്റ്‌മാന്‍ സംഘവും ഏറ്റുമുട്ടുന്ന ആവേശപ്പോരില്‍ ആര് ജയിക്കുമെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്‍റും ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ നായകനുമായ സൗരവ് ഗാംഗുലി.
'ഇന്നത്തെ മത്സരത്തിലെ വിജയികളെ പ്രവചിക്കുക അത്ര എളുപ്പമല്ല. ഇരു ടീമുകളും മികച്ചതാണ്. ഒന്നിലധികം തവണ കിരീടം നേടിയ ടീമുകള്‍' എന്നാണ് ഒരു ദിനപത്രത്തോട് ദാദയുടെ പ്രതികരണം.
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടമുയര്‍ത്തിയ ടീമുകള്‍ തമ്മിലുള്ള പോരാട്ടമാണ് ഇന്ന് അബുദാബിയില്‍ നടക്കുന്നത്. രോഹിത് ശര്‍മയ്ക്ക് കീഴില്‍ അഞ്ചാം കിരീടമാണ് മുംബൈ ഇന്ത്യന്‍സ് ലക്ഷ്യമിടുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മൂന്ന് ഐപിഎല്‍ കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ 30 തവണ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 18 തവണ ജയം മുംബൈ ഇന്ത്യന്‍സിനായിരുന്നു. കഴിഞ്ഞ സീസണില്‍ നാല് തവണ മുംബൈയെ നേരിട്ടപ്പോള്‍ ഒരിക്കല്‍പോലും ചെന്നൈയ്ക്ക് ജയിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ യുഎഇയില്‍ മികച്ച റെക്കോഡല്ല മുംബൈ ഇന്ത്യന്‍സുള്ളത്.
ഒരുനിമിഷം ബൗണ്ടറിയില്‍ എബിഡിയായി കോലി; 'സൂപ്പര്‍മാന്‍ ക്യാച്ച്' പുനരവതരിച്ചു!