ഐപിഎല്‍ ചിത്രം മാറി; കിരീടം നേടാന്‍ സാധ്യതയുള്ള ടീമിനെ പ്രവചിച്ച് ആകാശ് ചോപ്ര

പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ആര്‍സിബി 14 പോയിന്റുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഏഴ് വിജയങ്ങളും മൂന്ന് തോല്‍വികളുമാണ് ആര്‍സിബിക്കുള്ളത്.

 

IPL 2020 Aakash Chopra predicts team who lift trophy

ദുബായ്: ഐപിഎല്‍ സീസണിന് തൊട്ടുമുമ്പ് കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളുടെ പട്ടികയില്‍ പോലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇല്ലായിരുന്നു. എന്നാല്‍ മത്സരങ്ങള്‍ പുരോഗമിച്ചപ്പോള്‍ ചിത്രം മാറി. കോലിപ്പട ആദ്യ ഐപിഎല്‍ കിരീടം നേടുമെന്ന് പലരും തറപ്പിച്ച് പറയുന്നു. പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ആര്‍സിബി 14 പോയിന്റുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഏഴ് വിജയങ്ങളും മൂന്ന് തോല്‍വികളുമാണ് ആര്‍സിബിക്കുള്ളത്.

ആര്‍സിബിയുടെ മിന്നുന്ന പ്രകടനത്തിന് പിന്നില്‍ ക്യാപ്റ്റന് വ്യക്തമായ പങ്കുണ്ടെന്നാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര പറയുന്നത്. തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര. ''ആര്‍സിബി ആകെ മാറിയിരിക്കുന്നു. കടുത്ത വെല്ലുവിളികള്‍ നേരിട്ടിരുന്ന കാലത്തെ ടീമില്ല ഇപ്പോള്‍ അവരുടേത്. ഏത് മേഖലയിലും എതിരാളികളെ മറികടക്കാന്‍ കഴിയുന്ന ടീമായി അവര്‍ മാറിക്കഴിഞ്ഞു. കോലിയും സംഘവും ആദ്യ ഐപിഎല്‍ കിരീടമുയര്‍ത്തുമെന്ന സൂചനയാണ് നല്‍കുന്നത്. ശരിക്കും കോലിയുടെ തന്ത്രം തന്നെയാണ് ആര്‍സിബിയെ മുന്നോട്ട് നയിക്കുന്നത്. 

ആറ് ബൗളര്‍മാരെ ഉള്‍പ്പെടുത്തിയുള്ള തന്ത്രം ശരിക്കും ഗുണം ചെയ്യുന്നു. കൊല്‍ക്കത്തയ്‌ക്കെതിരെ മുഹമ്മദ് സിറാജിന് ന്യൂബോള്‍ നല്‍കിയ തീരുമാനം മികച്ചതായിരുന്നു. മനോഹരമായിട്ടാണ് കോലി ടീമിനെ നയിക്കുന്നത്. ശരിയായ സമയത്ത് അദ്ദേഹം ബൗളിങില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നു. പന്തെറിയുന്ന എല്ലാവരും വിക്കറ്റെടുക്കുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സമഗ്രാധിപത്യമായിരുന്നു ആര്‍സിബിയുടേത്. രണ്ട് പോയിന്റ് നേടിയതിനൊപ്പെം പ്ലേഓഫിന് അരികിലെത്തുകയും ചെയ്തു. ബാംഗ്ലൂരിന്റെ ഈ പോക്ക് കന്നിക്കിരീടത്തില്‍ ചെന്നായിരിക്കും അവസാനിക്കുകയെന്ന് തോന്നുന്നു.'' ചോപ്ര പറഞ്ഞുനിര്‍ത്തി.

Latest Videos
Follow Us:
Download App:
  • android
  • ios