ഡല്‍ഹി സ്റ്റേഡിയത്തില്‍ ആദ്യം സ്ഥാപിക്കുക അയാളുടെ പ്രതിമ; ഡല്‍ഹി ക്യാപിറ്റല്‍സ് ഉടമ
മുംബൈക്കെതിരായ മത്സരത്തില്‍ നാലോവറില്‍ 24 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത അമിത് മിശ്ര കളിയിലെ താരമായിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളറാണ് മിശ്ര.
ചെന്നൈ: ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ആരുടെയെങ്കിലും പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കുമെങ്കില്‍ അത് അമിത് മിശ്രയുടേതാകുമെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് സഹ ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ അമിത് മിശ്രയുടെ നാലു വിക്കറ്റ് പ്രകടനത്തിനുശേഷമായിരുന്നു ജിന്‍ഡാലിന്‍റെ പ്രതികരണം.
ഐപിഎല്‍ ടീമുകള്‍ക്ക് ഹോം സ്റ്റേഡിയത്തില്‍ അവരുടെ കളിക്കാരുടെ പ്രതിമ സ്ഥാപിക്കാന്‍ ബിസിസിഐയോ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളോ അനുവാദം നല്‍കുകയാണെങ്കില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം സ്ഥാപിക്കുക അമിത് മിശ്രയുടെ പ്രതിമ ആയിരിക്കുമെന്ന കാര്യത്തില്‍ എനിക്ക് ഒരു സംശയവുമില്ല. ഡല്‍ഹിക്കായി അമിത് മിശ്ര ചെയ്യുന്നത് മഹത്തായ സേവനമാണെന്നും ജിന്‍ഡാല്‍ ട്വീറ്റ് ചെയ്തു.
മുംബൈക്കെതിരായ മത്സരത്തില്‍ നാലോവറില്‍ 24 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത അമിത് മിശ്ര കളിയിലെ താരമായിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളറാണ് മിശ്ര. മൂന്ന് ഹാട്രിക്കുകള്‍ അടക്കം 152 മത്സരങ്ങളില്‍ 164 വിക്കറ്റാണ് മിശ്രയുടെ നേട്ടം. ഐപിഎല്‍ ചരിത്രത്തില്‍ മൂന്ന് ഹാട്രിക്ക് നേടിയിട്ടുള്ള ഏക ബൗളറും മിശ്രയാണ്.