സഞ്ജു സിംഗിള്‍ എടുക്കാതിരുന്നതോ തോല്‍വിക്ക് കാരണം? ക്രിക്കറ്റ് ലോകത്തിന്റെ മറുപടിയിങ്ങനെ

നാല് പന്തില്‍ രണ്ട് റണ്‍സുമായി ക്രിസ് മോറിസാണ് സഞ്ജുവിനൊപ്പം ക്രീസിലുണ്ടായിരുന്നത്. മോറിസിന് വേണ്ട വിധത്തില്‍ പന്ത കണക്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല.

former cricketers reacts after sanju denies single to morris

മുംബൈ: ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തുകൊണ്ടുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ സഞ്ജു സാംസണ്‍ സെഞ്ചുറി നേടി. രാജസ്ഥാന്‍ റോയല്‍സിനെ ഒറ്റയ്ക്ക് തോളിലേറ്റിയ സഞ്ജു അവസാന പന്തിലാണ് പുറത്തായത്. പഞ്ചാബ് കിംഗ്‌സ് നാല് റണ്‍സിന് ജയിക്കുകയും ചെയ്തു. നാല് പന്തില്‍ രണ്ട് റണ്‍സുമായി ക്രിസ് മോറിസാണ് സഞ്ജുവിനൊപ്പം ക്രീസിലുണ്ടായിരുന്നത്. മോറിസിന് വേണ്ട വിധത്തില്‍ പന്ത കണക്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അഞ്ചാം പന്ത് നേരിട്ട സഞ്ജു സിംഗിള്‍ ഓടിയെടുത്തതുമില്ല. ഇതിനെ കുറിച്ച് സംസാരിക്കുകയാണ് ക്രിക്കറ്റ് ലോകം. 

ഇക്കാര്യത്തില്‍ സഞ്ജുവിന് പിന്തുണയുമായിട്ടാണ് പലരും വന്നിരിക്കുന്നത്. സഞ്ജു ചെയ്തത് ശരിയായ കാര്യമാണെന്ന് രാജസ്ഥാന്‍ ടീം ഡയറക്റ്റര്‍ കുമാര്‍ സംഗക്കാര, മുംബൈയുടെ ന്യൂസിലന്‍ഡ് താരം ജയിംസ് നീഷാം, മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍, ഇന്ത്യന്‍ മുന്‍ വനിതാ ക്രിക്കറ്റ് താരം സ്‌നേഹാള്‍ പ്രധാന്‍ തുടങ്ങിയവര്‍ വ്യക്തമാക്കി. ഇതിനെ കുറിച്ച് മഞ്ജരേക്കര്‍ പറയുന്നതിങ്ങനെ.. ''അവസാന പന്തില്‍ സഞ്ജു സിക്‌സ് നേടാനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. പുതുതായി ക്രിസീലെത്തിയ ക്രിസ് മോറിസിന് ചിലപ്പോള്‍ അതിന് സാധിച്ചേക്കില്ല. സഞ്ജുവിന്റേത് ശരിയായ തീരുമാനമായിരുന്നു.'' മഞ്ജരേക്കര്‍ കുറിച്ചിട്ടു.

സ്‌നേഹാളിന്റെ ട്വീറ്റ് ഇങ്ങനെ... ''സഞ്ജു ആ സിംഗിളെടുത്തത്തില്‍ ഒരു കുഴപ്പവും കാണുന്നില്ല. ചുരുങ്ങിയത് ഒരു ബൗണ്ടറിയെങ്കിലും നേടാന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസം സഞ്ജുവിനുണ്ടായിരുന്നു.'' മുന്‍ ഇന്ത്യന്‍ താരം കുറിച്ചിട്ടു. 

വിജയറണ്‍ നേടാന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസം സഞ്ജുവിനുണ്ടായിരുന്നുവെന്ന് സംഗക്കാര അഭിപ്രായപ്പെട്ടു. മത്സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ''വിജയറണ്‍ നേടാന്‍ കഴിയുമെന്നുള്ളത് സഞ്ജുവിന്റെ ആത്മവിശ്വാസമായിരുന്നു. അവന്‍ അതിനടുത്തെത്തുകയും ചെയ്തു. അവസാന പന്ത് സിക്‌സ് ലൈനിനടുത്ത് നിന്നാണ് ഫീല്‍ഡര്‍ കയ്യിലൊതുക്കിയത്. ഇത്രയും മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ സഞ്ജുവല്ലാതെ മറ്റാരാണ് അതിന് യോഗ്യന്‍..? നഷ്ടമായി സിംഗിളിനെ കുറിച്ച് പലരും പറയുന്നുണ്ടാവും. എന്നാല്‍ സഞ്ജുവിന്റെ പോസിറ്റീവ് തീരുമാനത്തെ കാണാതെ പോവരുത്.'' സംഗക്കാര വ്യക്തമാക്കി.

അവസാന പന്ത് സിക്‌സ് നേടാന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസം സ്ഞ്ജുവിനുണ്ടായിരുന്നുവെന്ന് നീഷാം കുറിച്ചിട്ടു.

Latest Videos
Follow Us:
Download App:
  • android
  • ios