റെയ്‌നയും ഹര്‍ഭജനും കരാറിന് പുറത്തേക്ക്; ചെന്നൈ ടീമിനൊപ്പം ഇനിയുണ്ടാവില്ല
രണ്ടു താരങ്ങളുടെയും പേരുകള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് അവരുടെ വെബ്‌സൈറ്റില്‍നിന്നും നീക്കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് താരങ്ങളുമായുണ്ടാക്കിയ കരാറും റദ്ദാക്കിയതായി റിപ്പോര്‍ട്ട് വരുന്നത്.
ദുബായ്: സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിംഗ് എന്നിവരുമായി കരാര്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ടീം ക്യാംപ് വിട്ട താരമാണ് റെയ്‌ന. ഹര്‍ഭജന്‍ ആവട്ടെ അവസാന നിമിഷം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുകയായിരുന്നു. രണ്ടു താരങ്ങളുടെയും പേരുകള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് അവരുടെ വെബ്‌സൈറ്റില്‍നിന്നും നീക്കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് താരങ്ങളുമായുണ്ടാക്കിയ കരാറും റദ്ദാക്കിയതായി റിപ്പോര്‍ട്ട് വരുന്നത്.
എന്നാല്‍ താമസ സൗകര്യത്തിലെ അതൃപ്തി കാരണമാണ് റെയ്‌ന ടീം വിട്ടതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ടീമിലേക്ക് തിരികെ വരാന്‍ റെയ്‌ന ശ്രമിക്കുന്നതിനിടെയാണ് ടീം മാനേജ്‌മെന്റ് കരാര്‍ റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങിയിരിക്കുന്നത്. താരങ്ങള്‍ കളിക്കുന്നുണ്ടെങ്കില്‍ മാത്രം പ്രതിഫലം നല്‍കിയാല്‍ മതിയെന്നും അല്ലെങ്കില്‍ അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥും ഇക്കാര്യം തള്ളിക്കളഞ്ഞിട്ടില്ല. എന്നാല്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു.
ഫ്രാഞ്ചൈസി കരാര്‍ റദ്ദാക്കിയതോടെ രണ്ടു താരങ്ങളും ഔദ്യോഗികമായി തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമല്ലാതായി. കരാര്‍ പ്രകാരം റെയ്‌നയ്ക്ക് ഒരു വര്‍ഷം 11 കോടി രൂപയാണു ലഭിച്ചിരുന്നത്. ഹര്‍ഭജന്‍ സിങ്ങിന് ഒരു വര്‍ഷം രണ്ട് കോടിയും ലഭിച്ചിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം മറ്റൊരു ടീമിന്റെ ഭാഗമായേക്കാം ഇരുവരും.
ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കാത്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് പോയിന്റ് പട്ടികയില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ്. മുംബൈ ഇന്ത്യന്‍സിനെതിരായ ഒരു മത്സരം മാത്രമാണ് അവര്‍ ജയിച്ചത്. രണ്ടു കളികള്‍ തോറ്റു.