ഐപിഎല്‍: ജയം തുടരാന്‍ ചെന്നൈ; വിജയവഴിയില്‍ തിരിച്ചെത്താന്‍ ഹൈദരാബാദ്
ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം ഇരു ടീമുകള്‍ക്കും ഭാഗ്യ ഗ്രൗണ്ടാണ്. ഇവിടെ കളിച്ച എട്ട് മത്സരങ്ങളില്‍ ഇരു ടീമുകളും ആറ് വിതം മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്.
ദില്ലി: ഐപിഎല്ലിൽ ഇന്ന് ചെന്നൈയും ഹൈദരാബാദും നേര്‍ക്കുനേര്‍. അഞ്ച് മത്സരത്തില്‍ നാലിലും ജയിച്ച് ചെന്നൈ പോയന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ അഞ്ചില്‍ നാലിലും തോറ്റ ഹൈദരാബാദ് അവസാന സ്ഥാനത്താണ്.
അവസാന സീസണില്‍ പ്ലേ ഓഫിലെത്താന്‍ സാധിക്കാതിരുന്ന ചെന്നൈ ഇത്തവണ ഉജ്ജ്വല ഫോമിലാണ്. ഡൽഹിയുമായുള്ള സൂപ്പർ ഓവർ പോരാട്ടത്തിൽ തോറ്റാണ് ഹൈദരാബാദിന്‍റെ വരവ്. ഡല്‍ഹി വേദിയാവുന്ന ഇത്തവണത്തെ ആദ്യ മത്സരമാണിത്.
നേർക്കുനേർ കണക്കുകളിൽ ചെന്നൈയ്ക്കാണ് മേൽക്കൈ. 14ൽ 11 തവണയും ജയിച്ചത് ചെന്നൈയാണ്. എന്നാല്‍ ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം ഇരു ടീമുകള്‍ക്കും ഭാഗ്യ ഗ്രൗണ്ടാണ്. ഇവിടെ കളിച്ച എട്ട് മത്സരങ്ങളില്‍ ഇരു ടീമുകളും ആറ് വിതം മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്.
ഹൈദരാബാദ് ടീമില്‍ ഇന്ന് കാര്യമായ അഴിച്ചുപണിക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ഏതാനും മത്സരങ്ങളിലായി പുറത്തിരിക്കുന്ന മനീഷ് പാണ്ഡെ അന്തിമ ഇലവനില്‍ തിരിച്ചെത്തിയേക്കും. പാണ്ഡെ വരുമ്പോള്‍ യുവതാരം വിരാട് സിംഗാവും പുറത്താവുക. കഴിഞ്ഞ മത്സരത്തില്‍ 14 പന്തില്‍ നാലു റണ്‍സെടുത്ത് പുറത്തായ വിരാടിന്‍റെ പ്രകടനം ഹൈദരാബാദിന്‍റെ തോല്‍വിയില്‍ നിര്‍ണായകമായിരുന്നു. ചെന്നൈ ടീമില്‍ റോബിന്‍ ഉതപ്പക്കും മൊയീന്‍ അലിക്കും അവസരം ലഭിക്കാനിടയുണ്ട്.