കൊവിഡ് പ്രതിരോധത്തിന് 100 കോടിയെങ്കിലും നല്‍കണമായിരുന്നു: ബിസിസിഐക്കെതിരെ മുന്‍താരം
ബിസിസിഐയും ഐപിഎല്ലും കൊവിഡ് സഹായമായി 100 കോടി രൂപയെങ്കിലും സംഭാവന നല്‍കണമായിരുന്നു എന്ന് ഗവേണിംഗ് കൗണ്‍സില്‍ മുന്‍ അംഗം.
ദില്ലി: താരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും കൊവിഡ് പിടിപെട്ടതോടെ ഐപിഎല്‍ പതിനാലാം സീസണ്‍ അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയിരുന്നു. ഇതോടെ ബിസിസിഐക്ക് 2000 കോടി രൂപയുടെ സാമ്പത്തിക നഷ്‌ടമുണ്ടാകും എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എങ്കിലും കരുതല്‍ ധനശേഖരമുള്ള ബിസിസിഐയും ഐപിഎല്ലും കൊവിഡ് ദുരിതാശ്വാസത്തിന് കുറഞ്ഞത് 100 കോടി രൂപയെങ്കിലും നല്‍കണമായിരുന്നു എന്ന് തുറന്നടിച്ചിരിക്കുകയാണ് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധിയായിരുന്ന മുന്‍ വിക്കറ്റ് കീപ്പര്‍ സുരീന്ദര്‍ ഖന്ന.
കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക്; ഐപിഎല്ലില്‍ കൊവിഡ് പടര്‍ന്ന വഴി ഇങ്ങനെ, കണ്ടെത്തല്‍
നഷ്‌ടം ബിസിസിഐയുടെ ലാഭത്തില്‍ നിന്ന് മാത്രമാണ്. എന്തായാലും ഐപിഎല്‍ ടെലികാസ്റ്റര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയുണ്ട്. ഇതുപോലുള്ള സമയത്ത് ധാർമ്മികവും സാമൂഹികവുമായ ഉത്തരവാദിത്തം നടപ്പിലാക്കാനുള്ള കരുതല്‍ ധനം ബിസിസിഐക്കുണ്ട്. ഐപിഎല്‍ നേരത്തെ തന്നെ റദ്ദാക്കേണ്ടതായിരുന്നു. അത് ഫ്രാഞ്ചൈസികളെങ്കിലും വ്യക്തമാക്കണമായിരുന്നു. ലാഭത്തെ കുറിച്ച് മാത്രമേ അവര്‍ ചിന്തിക്കുന്നുള്ളോ, ജനങ്ങളുടെ ജീവിതത്തെ കുറിച്ചോ അവരുടെ ദുഖത്തെ കുറിച്ചോ ആലോചിക്കുന്നില്ലേ?
'യുഎഇയില്‍ നന്നായി ബയോ-ബബിള്‍ ക്രമീകരിച്ചു'
'കഴിഞ്ഞ തവണ യുഎഇയില്‍ എത്ര മനോഹരമായാണ് ബയോ-ബബിള്‍ ക്രമീകരിച്ചതെന്നും പ്രവര്‍ത്തിച്ചിരുന്നതെന്നും ഞാന്‍ കണ്ടിരുന്നു. ഞാന്‍ ബബിള്‍ നിന്ന് പുറത്തുപോയിരുന്നു. എന്നാല്‍ തുടര്‍ച്ചയായി പരിശോധനയ്‌ക്ക് വിധേയനായി, സുരക്ഷിതനാണെന്ന് തോന്നി. മുകള്‍ത്തട്ട് മുതല്‍ താഴെത്തട്ട് വരെ എല്ലാവരും എസ്‌ഒപി പാലിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് ടൂര്‍ണമെന്‍റ് തുടങ്ങിയപ്പോള്‍ പോസിറ്റീവ് കേസുകള്‍ ഉണ്ടാകാതിരുന്നത്.
എന്തുകൊണ്ട് ഏഴ് മാസങ്ങള്‍ക്ക് ശേഷം ടൂര്‍ണമെന്‍റ് ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ അവര്‍ തീരുമാനിച്ചത് എന്ന് അറിയില്ല. ഒരു നഗരം മാത്രം ഉള്‍പ്പെടുമ്പോഴാണ് ബയോ-ബബിള്‍ സുഗമമാവുക. അതുകൊണ്ട് മുംബൈ മാത്രമായിരുന്നു ഇക്കുറി വേദിയായി തെരഞ്ഞെടുത്തിരുന്നതെങ്കില്‍ നന്നായേനെ. എന്നാല്‍ ഇവിടെ ആറ് നഗരങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
ചെന്നൈ ടീമിന്റെ ബാറ്റിംഗ് പരിശീലകൻ മൈക് ഹസിക്കും കൊവിഡ്
ഈ ദുര്‍ഘട സമയത്ത് ഇത്തവണ ഐപിഎല്‍ ഭരണസമിതിയില്‍ ഉണ്ടാകണമായിരുന്നു എന്ന് ആഗ്രഹിച്ചുപോകുന്നു. യുഎഇയില്‍ വച്ച് മാത്രമേ ടൂര്‍ണമെന്‍റ് നടത്താവൂ എന്ന് നിര്‍ബന്ധം പിടിച്ചേനേ. ഞാന്‍ വിമര്‍ശിക്കുകയല്ല. ഇന്ത്യന്‍ ക്രിക്കറ്റേര്‍സ് അസോസിയേഷന്‍ പ്രതിനിധി(പ്രഗ്യാന്‍ ഓജ) ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ മീറ്റിംഗില്‍ എന്തു ചെയ്യുകയാണ്. യുഎഇയില്‍ കഴിഞ്ഞ വര്‍ഷം സുരക്ഷിത ബയോ-ബബിള്‍ ഒരുക്കിയ ഏജന്‍സിയെ എന്തുകൊണ്ട് ഇത്തവണ ഏല്‍പിച്ചില്ല' എന്നും മുന്‍താരം ചോദിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona