'മുഖമില്ലാത്ത രാക്ഷസന്മാര്‍'; ധോണിയുടെ മകള്‍ക്കെതിരായ ബലാത്സംഗ ഭീഷണിക്കെതിരെ മാധവന്‍
ഇന്‍റര്‍നെറ്റില്‍ എന്തുംവിളിച്ച് പറയാമെന്ന് കരുതുന്നവര്‍ക്കെതിരെ, അവര്‍ കൌമാരക്കാരാണെങ്കില്‍ കൂടിയും കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ട സമയമാണ് ഇതെന്നും മാധവന്‍
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ തോല്‍വിക്ക് പിന്നാലെ എം എസ് ധോണിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണിയുണ്ടായ സംഭവത്തില്‍ രൂക്ഷമായ വിമര്‍ശനവുമായി നടന്‍ മാധവന്‍. സംഭവത്തില്‍ 16 വയസുകാരന്‍ അറസ്റ്റിലായതിന് പൊലീസിന് അഭിനന്ദനം അറിയിക്കുന്നതിനൊപ്പം ഇന്‍റര്‍നെറ്റില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ മുഖമില്ലാത്ത രാക്ഷസന്മാരെന്നാണ് മാധവന്‍ വിളിക്കുന്നത്. ഇന്‍റര്‍നെറ്റില്‍ എന്തുംവിളിച്ച് പറയാമെന്ന് കരുതുന്നവര്‍ക്കെതിരെ, അവര്‍ കൌമാരക്കാരാണെങ്കില്‍ കൂടിയും കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ട സമയമാണ് ഇതെന്നും മാധവന്‍ ട്വീറ്റ് ചെയ്തു.
ധോണിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയ കേസില്‍ 16 വയസുകാരനാണ് അറസ്റ്റിലായിട്ടുള്ളത്. റാഞ്ചി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഗുജറാത്തിലെ കച്ച് ജില്ലയിലെ മുന്ദ്രയില്‍ നിന്നാണ് പ്രതിയെ ലോക്കല്‍ പൊലീസ് ഞായറാഴ്‌ച അറസ്റ്റ് ചെയ്‌തത്. ധോണിയുടെ ഭാര്യ സാക്ഷിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റിന് താഴെയാണ് അഞ്ച് വയസുകാരിയായ മകളെ ബലാല്‍സംഗം ചെയ്യുമെന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഭീഷണി കമന്‍റിട്ടത്.
റാഞ്ചി പൊലീസിന്‍റെ ആവശ്യപ്രകാരം ചോദ്യം ചെയ്യാനായി കസ്റ്റഡില്‍ എടുത്തപ്പോള്‍ വിദ്യാര്‍ഥി കുറ്റം സമ്മതിച്ചതായി കച്ച് വെസ്റ്റ് പൊലീസ് സൂപ്രണ്ട് സൗരഭ് സിംഗ് വ്യക്തമാക്കിയെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ നായകന്‍ ധോണിയുടെ കുടുംബത്തിനെതിരെ ഭീഷണികളുയര്‍ന്നത്. ധോണിയുടെ അഞ്ച് വയസുകാരിയായ മകളെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയവര്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത്തരം ഭീഷണികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും കടുത്ത നടപടി സ്വീകരിക്കണമെന്നും മുന്‍താരങ്ങളായ ഇര്‍ഫാന്‍ പത്താനും പ്രഗ്യാന്‍ ഓജയും ആവശ്യപ്പെട്ടു.