ഇംഗ്ലിഷ് മണ്ണില്‍ ഇന്ത്യയെ വിരട്ടിയ ഇരുപതുകാരന്‍; പ്രതിഭയ്ക്ക് മങ്ങലേറ്റിട്ടില്ലെന്ന് തെളിയിച്ച് ഹാട്രിക്കുമായി സാം കറന്‍
സാം കറാന്‍ എറിഞ്ഞ 18ാം ഓവറാണ് പഞ്ചാബിനെ വിജയതീരത്തെത്തിച്ചത്. നാലാം പന്തില്‍ കോളിന്‍ ഇന്‍ഗ്രാമിനെ(38) കരുണ്‍ നായരുടെ കയ്യിലെത്തിക്കുകയായിരുന്നു കറന്‍. അവസാന പന്തില്‍ ഹര്‍ഷാല്‍ പട്ടേല്‍(0) വിക്കറ്റ് കീപ്പര്‍ രാഹുലിന്‍റെ കൈകളില്‍ വിശ്രമിച്ചു.അവസാന ഓവറില്‍ വീണ്ടും പന്തെറിയാനെത്തിയ കറന്‍ ആദ്യ രണ്ട് പന്തുകളില്‍ റബാഡയെയും(0), ലമിച്ചാനെയും(0) മടക്കി ഹാട്രിക് തികച്ച് ടീമിന് വിജയം സമ്മാനിക്കുകയായിരുന്നു
മൊഹാലി: ഇംഗ്ലിഷ് മണ്ണില്‍ ടെസ്റ്റ് പരമ്പരയെന്ന സ്വപ്നവും പേറി വണ്ടി കയറിയ വിരാട് കോലിയെയും സംഘത്തെയും ഇക്കഴിഞ്ഞ സെപ്തംബര്‍ മാസം നടന്ന പരമ്പരയില്‍ വിറപ്പിച്ചത് ഒരു ഇരുപതുകാരനായിരുന്നു. അധികമാരും അതുവരെ കേട്ടിട്ടില്ലാത്ത സാം കറന്‍ എന്ന മീശ മുളയ്ക്കാത്ത പയ്യനായിരുന്നു ഇന്ത്യയുടെ സ്വപ്നം തല്ലിക്കെടുത്തുന്നതിലെ പ്രധാനികളില്‍ ഒരാള്‍. ഇടങ്കയ്യന്‍ പേസറായ സാം അന്ന് ബാറ്റ് കൊണ്ടും പ്രതിഭ കാട്ടിയിരുന്നു.
ഇപ്പോഴിതാ ആറ് മാസങ്ങള്‍ക്കിപ്പുറം ഐപിഎല്ലില്‍ ഡല്‍ഹിയില്‍ നിന്ന് വിജയം തട്ടിയെടുത്ത് നിറഞ്ഞുചിരിക്കുകയാണ് സാം കറന്‍. ഐപിഎല്ലില്‍ സാം കറനിന്‍റെ ഹാട്രിക്കില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് 14 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. 167 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 19.2 ഓവറില്‍ 152 റണ്‍സേ എടുക്കാനേയായുള്ളൂ. അവസാന എട്ട് റണ്ണിനിടെ ഡല്‍ഹിക്ക് ഏഴ് വിക്കറ്റ് നഷ്ടമായത് നിര്‍ണായകമായി. കറന്‍ 2.2 ഓവറില്‍ 11 റണ്‍സ് വഴങ്ങിയാണ് നാല് പേരെ കൂടാരകം കയറ്റിയത്.
ഒരവസരത്തില്‍ അനായാസ ജയം സ്വപ്‌നം കണ്ടിരുന്ന ഡല്‍ഹിയെ കറന്‍റെ ഹാട്രിക്കാണ് നിലംപരിശാക്കിയത്. സാം കറാന്‍ എറിഞ്ഞ 18ാം ഓവറാണ് പഞ്ചാബിനെ വിജയതീരത്തെത്തിച്ചത്. നാലാം പന്തില്‍ കോളിന്‍ ഇന്‍ഗ്രാമിനെ(38) കരുണ്‍ നായരുടെ കയ്യിലെത്തിക്കുകയായിരുന്നു കറന്‍. അവസാന പന്തില്‍ ഹര്‍ഷാല്‍ പട്ടേല്‍(0) വിക്കറ്റ് കീപ്പര്‍ രാഹുലിന്‍റെ കൈകളില്‍ വിശ്രമിച്ചു. അവസാന ഓവറില്‍ വീണ്ടും പന്തെറിയാനെത്തിയ കറന്‍ ആദ്യ രണ്ട് പന്തുകളില്‍ റബാഡയെയും(0), ലമിച്ചാനെയും(0) മടക്കി ഹാട്രിക് തികച്ച് ടീമിന് വിജയം സമ്മാനിക്കുകയായിരുന്നു. ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് ശേഷം ഫോം നഷ്ടമായെന്ന വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്ന കറന് ഐപിഎല്ലിനെ ഹാട്രിക്ക് വലിയ ആശ്വാസമാകും സമ്മാനിക്കുക.