അവസാന പന്തെറിയുമ്പോള്‍ മലിംഗയോട് രോഹിത് പറഞ്ഞത്
ഷര്‍ദ്ദുല്‍ ഠാക്കൂറിനെ എനിക്ക് നല്ലപോലെ അറിയാം. ഷര്‍ദ്ദുല്‍ എവിടെ അടിക്കാന്‍ ശ്രമിക്കുമെന്നും. അതുകൊണ്ടാണ് ഞാനും മലിംഗയും ചേര്‍ന്ന് സ്ലോ ബോള്‍ എറിയാമെന്ന തീരുമാനം എടുത്തത്.
ഹൈദരാബാദ്: ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഒരു റണ്‍ വിജയത്തോടെ മുംബൈ ഇന്ത്യന്‍സ് കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ നിര്‍ണായകമായത് ലസിത് മലിംഗയുടെ അവസാന ഓവര്‍ ആയിരുന്നു. ഒരു പന്തില്‍ ജയിക്കാന്‍ രണ് റണ്‍സ് വേണമെന്നിരിക്കെ മലിംഗയുടെ ലോ ഫുള്‍ട്ടോസില്‍ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി.
അവസാന ഓവറില്‍ ഒമ്പത് റണ്ണായിരുന്നു ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന പന്തില്‍ രണ്ടു റണ്‍സും. അവസാന പന്തെറിയുന്നതിന് മുമ്പ് താന്‍ മലിംഗയോട് വിശദമായി സംസാരിച്ചിരുന്നുവെന്ന് മത്സരശേഷം മുംബൈ നായകന്‍ രോഹിത് ശര്‍മ പറഞ്ഞു. ബാറ്റ്സ്മാനെ പുറത്താക്കുക എന്നതു തന്നെയായിരുന്നു ലക്ഷ്യമിട്ടത്. ഷര്‍ദ്ദുല്‍ ഠാക്കൂറിനെ എനിക്ക് നല്ലപോലെ അറിയാം. ഷര്‍ദ്ദുല്‍ എവിടെ അടിക്കാന്‍ ശ്രമിക്കുമെന്നും. അതുകൊണ്ടാണ് ഞാനും മലിംഗയും ചേര്‍ന്ന് സ്ലോ ബോള്‍ എറിയാമെന്ന തീരുമാനം എടുത്തത്. അവസാന പന്തില്‍ വമ്പനടിക്ക് ഷര്‍ദ്ദുല്‍ ശ്രമിച്ചാലും സ്ലോ ബോളാണെങ്കില്‍ ക്യാച്ചാവാനുള്ള സാധ്യത കൂടുതലാണ്. അപ്പോഴും രണ്ടു കൂട്ടര്‍ക്കും തുല്യസാധ്യതയായിരുന്നുവെന്നും രോഹിത് പറഞ്ഞു.
മലിംഗക്ക് അവസാന ഓവര്‍ നല്‍കാനുള്ള തീരുമാനം പാളിയാല്‍ വന്‍ വിമര്‍ശനത്തിന് കാരണമാകുമെന്ന് അറിയാമായിരുന്നു. പക്ഷെ ആ സമയം പരിചയസമ്പത്തിനെ ആശ്രയിക്കാനായിരുന്നു ഞാന്‍ തീരുമാനിച്ചത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മലിംഗ മുമ്പും നിരവധി തവണ പന്തെറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് അവസാന ഓവര്‍ എറിയാന്‍ മലിംഗയെ തന്നെ വിളിച്ചത്-രോഹിത് പറഞ്ഞു. 2017ല്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിനെ കീഴടക്കി മുംബൈ ഇന്ത്യന്‍സ് കിരീടം നേടിയപ്പോഴും ഒരു റണ്ണിനായിരുന്നു മുംബൈയുടെ ജയം. അന്ന് അവസാന ഓവറില്‍ 11 റണ്‍സായിരുന്നു പൂനെക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. മിച്ചല്‍ ജോണ്‍സണാണ് അന്ന് അവസാന ഓവര്‍ എറിഞ്ഞത്.