വെറും പിന്‍ഗാമി അല്ല; ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്താണ് പന്താട്ടം
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വേഗമേറിയ അര്‍ദ്ധ സെഞ്ചുറി എന്ന റെക്കോര്‍ഡില്‍ ധോണിയെ പന്ത് പിന്തള്ളി.
മുംബൈ: ധോണിയുടെ പിന്‍ഗാമിയായി വിശേഷിക്കപ്പെടുന്ന ഋഷഭ് പന്തിന്‍റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വേഗമേറിയ അര്‍ദ്ധ സെഞ്ചുറി എന്ന റെക്കോര്‍ഡില്‍ ധോണിയെ പന്ത് പിന്തള്ളി. ധോണി 2012 ഐപിഎല്‍ എഡിഷനില്‍ മുംബൈക്കെതിരെ 20 പന്തില്‍ അര്‍ദ്ധ സെഞ്ചുറി നേടിയിരുന്നു.
ഡല്‍ഹി ക്യാപിറ്റല്‍സിനായി 18 പന്തിലാണ് പന്ത് അമ്പത് തികച്ചത്. അഞ്ചാമനായി ബാറ്റിംഗിനിറങ്ങിയ പന്ത് 27 പന്തില്‍ 78 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. പന്തിന്‍റെ മികവില്‍ ഡല്‍ഹി 20 ഓവറില്‍ ആറ് വിക്കറ്റിന് 213 റണ്‍സെടുത്തു. മുംബൈയുടെ പേസ് എക്‌സ്‌പ്രസ് ജസ്‌പ്രീത് ബുംറ വരെ പന്തിന്‍റെ ബാറ്റില്‍ നിന്ന് തല്ലുവാങ്ങി.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ റണ്‍വേട്ടയില്‍ രണ്ടാമതെത്തിയ താരമാണ് പന്ത്. 14 മത്സരങ്ങളില്‍ 684 റണ്‍സ് ഋഷഭ് പന്ത് അടിച്ചുകൂട്ടി. ഇക്കുറിയും മികച്ച തുടക്കമാണ് പന്തിന് ലഭിച്ചിരിക്കുന്നത്.