ബെയര്‍സ്റ്റോയ്‌ക്കും വാര്‍ണര്‍ക്കും സെഞ്ചുറി; ബാംഗ്ലൂരിന് കൂറ്റന്‍ വിജയലക്ഷ്യം
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബൗളര്‍മാരെ അപ്രത്യക്ഷരാക്കി ബെയര്‍സ്റ്റോ- വാര്‍ണര്‍ വെടിക്കെട്ട്. ഇരുവരും തകര്‍പ്പന്‍ സെഞ്ചുറി നേടിയപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറില്‍ രണ്ട് വിക്കറ്റിന് 231 റണ്‍സെടുത്തു.
ഹൈദരാബാദ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബൗളര്‍മാരെ അപ്രത്യക്ഷരാക്കി ബെയര്‍സ്റ്റോ- വാര്‍ണര്‍ വെടിക്കെട്ട്. ഇരുവരും തകര്‍പ്പന്‍ സെഞ്ചുറി നേടിയപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറില്‍ രണ്ട് വിക്കറ്റിന് 231 റണ്‍സെടുത്തു. ബെയര്‍സ്റ്റോ 114 റണ്‍സെടുത്ത് പുറത്തായപ്പോള്‍ വാര്‍ണര്‍(100) പുറത്താകാതെ നിന്നു.
സണ്‍റൈസേഴ്‌സിന് ലഭിച്ചത് എക്കാലത്തെയും മികച്ച തുടക്കം. ആദ്യ വിക്കറ്റില്‍ വാര്‍ണറും ബെയര്‍സ്റ്റോയും നേടിയത് 185 റണ്‍സ്. വാര്‍ണറെക്കാള്‍ അപകടകാരി ബെയര്‍സ്റ്റോ ആയിരുന്നു. ഈ കൂട്ടുകെട്ട് പൊളിക്കുന്നത് 17-ാം ഓവറില്‍ ചാഹലാണ്. വിക്കറ്റിന് മാറ്റ് കൂട്ടി ഉമേഷിന്‍റെ തകര്‍പ്പന്‍ ക്യാച്ച്. 52 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ബെയര്‍സ്റ്റോ പുറത്താകുമ്പോള്‍ 56 പന്തില്‍ 114 റണ്‍സ് തികച്ചിരുന്നു. അതിര്‍ത്തിയിലേക്ക് പറന്നത് 12 ഫോറും ഏഴ് സിക്‌സും.
ക്രീസില്‍ എത്തിയയുടനെ അടി തുടങ്ങിയെങ്കിലും വിജയ് ശങ്കറിന് അധികം പിടിച്ചുനില്‍ക്കാനായില്ല. 18-ാം ഓവറിലെ മൂന്നാം പന്തില്‍ ശങ്കറിനെ(3 പന്തില്‍ 9) ഹെറ്റ്‌മെയറിന്‍റെ ത്രോയില്‍ പാര്‍ത്ഥീവ് സ്റ്റംപ് ചെയ്തു. എന്നാല്‍ അടി തുടര്‍ന്ന വാര്‍ണര്‍ 54 പന്തില്‍ സെഞ്ചുറി തികച്ചു. 17 ഓവറില്‍ സണ്‍റൈസേഴ്‌സ് 200 കടന്നു. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വാര്‍ണറും യൂസഫ് പഠാനും(6) പുറത്താകാതെ നിന്നു.