'താന്‍ ക്രീസില്‍ നിന്നിട്ടും വിറയ്‌ക്കാത്തവന്‍'; ബുംറയെ പ്രശംസ കൊണ്ട് മൂടി എബിഡി
റോയല്‍ ചലലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യന്‍സിന് ത്രില്ലടിപ്പിക്കുന്ന ജയം സമ്മാനിച്ചത് ബുംറയുടെ തകര്‍പ്പന്‍ ഡെത്ത് ഓവര്‍ സ്‌പെല്ലായിരുന്നു.
മുംബൈ: മുംബൈ ഇന്ത്യന്‍സിന്‍റെ ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുംറയെ പ്രശംസിച്ച് ഇതിഹാസ താരം എ ബി ഡിവിലിയേഴ്‌സ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യന്‍സിന് ത്രില്ലടിപ്പിക്കുന്ന ജയം സമ്മാനിച്ചത് ബുംറയുടെ തകര്‍പ്പന്‍ ഡെത്ത് ഓവര്‍ സ്‌പെല്ലായിരുന്നു.
ഏഴ് വിക്കറ്റ് കയ്യില്‍ നില്‍ക്കേ അവസാന അഞ്ച് ഓവറുകളില്‍ തങ്ങള്‍ക്ക് ജയിക്കാന്‍ 61 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. മലിംഗ എറിഞ്ഞ 16-ാം ഓവറില്‍ തങ്ങള്‍ 16 റണ്‍സടിച്ചു. എന്നാല്‍ സമ്മര്‍ദം വരുന്ന ഘട്ടത്തില്‍ പന്തെറിയാനെത്തിയ ബുംറ തന്‍റെ പ്ലാനുകളില്‍ ഉറച്ചുനിന്നു. അത് വിജയകരമായി നടപ്പാക്കുകയും ചെയ്തു. അയാള്‍ക്ക് പ്രത്യേക കഴിവുണ്ടെന്നും ധൈര്യശാലിയാണെന്നും റോയല്‍ ചലഞ്ചേഴ്‌സ് താരം പറഞ്ഞു.
ഐസിസി ഏകദിന റാങ്കിംഗ് നോക്കിയാല്‍ ബുംറ ഒന്നാം സ്ഥാനത്താണ്. ഈ കണക്കുകള്‍ കള്ളമല്ലെന്ന് ബുംറയുടെ പ്രകടനം തെളിയിക്കുന്നതായും എബിഡി പറഞ്ഞു. ബംഗളൂരുവില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു മുംബൈയുടെ വിജയം. ബാംഗ്ലൂരിന് വേണ്ടി 41 പന്തില്‍ 70 റണ്‍സെടുത്ത് എബി ഡിവില്ലിയേഴ്‌സ് ഒരറ്റത്ത് പൊരുതി നിന്നെങ്കിലും വിജയം മാത്രം നേടാന്‍ സാധിച്ചില്ല. ഡത്ത് ഓവറുകളില്‍ തകര്‍ത്തെറിഞ്ഞ ബുംറ മുംബൈക്ക് വേണ്ടി മൂന്ന് വിക്കറ്റെടുത്തു.