ഐപിഎല്ലിലെ 'ബാറ്റിംഗ് കിംഗ്' കോലിയോ ഡിവില്ലിയേഴ്സോ അല്ല; അത് ഈ ചെന്നൈ താരമാണ്
ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ നെടുന്തൂണായ സുരേഷ് റെയ്നയാണ് റൺവേട്ടക്കാരിൽ ഒന്നാമൻ. 176 കളിയിൽ 4985 റൺസാണ് ഇടംകൈയൻ ബാറ്റ്സ്മാന്‍റെ സമ്പാദ്യം.
ചെന്നൈ: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരെല്ലാം ഐ പി എല്ലിൽ കളിക്കുന്നുണ്ടെങ്കിലും റൺവേട്ടയിൽ മുന്നിൽ ഇന്ത്യൻ താരങ്ങളാണ്. റൺവേട്ടക്കാരിലെ ആദ്യ അഞ്ച് സ്ഥാനക്കാർ ആരൊക്കെയെന്ന് നോക്കാം. ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ നെടുന്തൂണായ സുരേഷ് റെയ്നയാണ് റൺവേട്ടക്കാരിൽ ഒന്നാമൻ. 176 കളിയിൽ 4985 റൺസാണ് ഇടംകൈയൻ ബാറ്റ്സ്മാന്‍റെ സമ്പാദ്യം.
വിശ്വസ്ത ബാറ്റ്സ്മാനായ റെയ്നയുടെ ബാറ്റിംഗ് ശരാശരി 34.37 ആണ്. ഒരു സെഞ്ച്വറിയും 35 അർധസെഞ്ച്വറിയും റെയ്നയുടെ പേരിനൊപ്പമുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സ് വിലക്കുകാരണം രണ്ടുവർഷം വിട്ടുനിന്നിപ്പോൾ റെയ്ന ബാറ്റുവീശിയത് ഗുജറാത്ത് ലയൺസിനായി. ഈ കാലയളവിൽ നേടിയത് 841 റൺസ്. മൂന്ന് സീസണിൽ അഞ്ഞൂറിലേറെ റൺസ് നേടിയ റെയ്ന ഫീൽഡിംഗിലും വിശ്വസ്തൻ.
റൺവേട്ടയിൽ റെയ്നയ്ക്ക് തൊട്ടുപിന്നിലുള്ളത് റോയൽ ചലഞ്ചേഴ് ബാംഗ്ലൂർ നായകൻ വിരാട് കോലി. 163 കളിയിൽ 4948 റൺസ്. റെയ്നയെക്കാൾ 37 റൺസ് മാത്രം പിന്നിൽ. ബാറ്റിംഗ് ശരാശരി 38. 35. നാല് സെഞ്ച്വറിയും 34 അർധസെഞ്ച്വറിയും. 2016ൽ നാല് സെഞ്ച്വറി നേടിയ കോലി സീസണിൽ അടിച്ചുകൂട്ടിയത് 937 റൺസ്. ഒറ്റസീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ റെക്കോർഡു കോലിക്ക് സ്വന്തം.
173 കളിയിൽ 4493 റൺസെടുത്ത രോഹിത് ശർമ്മയാണ് റൺവേട്ടക്കാരിലെ മൂന്നാമൻ. ഡെക്കാൻ ചാർജേഴ്സിന്‍റെ താരമായിരുന്ന രോഹിത് ആദ്യ മൂന്ന് സീസണിൽ നേടിയത് 1170 റൺസ്. 2011ൽ മുംബൈ ഇന്ത്യൻസിൽ. രോഹിത്തിന്‍റെ നേതൃത്വത്തിൽ മുംബൈ 2015ലും 2017ലും ചാമ്പ്യൻമാരായി. ഒരു സെഞ്ച്വറിയും 34 അർധസെഞ്ച്വറിയുമാണ് രോഹിത്തിന്‍റെ സന്പാദ്യം. ബാറ്റിംഗ് ശരാശരി 31.86.
ക്രീസിനോട് വിടപറഞ്ഞ ഗൗതം ഗംഭീറാണ് നാലാമൻ. 154 കളിയിൽ 4217 റൺസ്. 36 അർധസെഞ്ച്വറി. ഡൽഹി ഡെയർ ഡെവിൾസിൾ കളിതുടങ്ങിയ ഗംഭീറിന്‍റെ നല്ലകാലം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ. 2012ലും 2014ലും കൊൽക്കത്തയെ കിരീടത്തിലേക്ക് നയിച്ചു. ഡൽഹി ഡെയർ ഡെവിൾസിൽ നിന്ന് തന്നെയാണ് ഗംഭീർ പടിയിറങ്ങിയത്. 165 കളിയിൽ 4086 റൺസുള്ള റോബിൻ ഉത്തപ്പയാണ് റൺവേട്ടക്കാരിലെ അഞ്ചാമൻ.
റോയൽ ചലഞ്ചേഴ്സ്, പൂനെ വാരിയേഴ്സ് ടീമുകളിലൂടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ എത്തിയ ഉത്തപ്പ 23 അർധസെഞ്ച്വറി നേടിയിട്ടുണ്ട്. 2014ൽ കൊൽക്കത്തയെ ചാന്പ്യൻമാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 660 റൺസുമായി സീസണിൽ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയതും റോബിൻ ഉത്തപ്പ.