ലോകകപ്പിന് മുന്‍പ് ഷമിക്ക് ആശ്വാസം; ശ്രദ്ധേയമായ നീക്കവുമായി കിംഗ്‌സ് ഇലവന്‍
പേസര്‍മാരെ ഐപിഎല്‍ കളിക്കുന്നതില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. ഈ ആവശ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ്.
മൊഹാലി: ഏകദിന ലോകകപ്പിന് തൊട്ടുമുന്‍പ് ഐപിഎല്‍ കളിക്കുന്നത് ഇന്ത്യന്‍ പേസര്‍മാര്‍ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ട്. ജസ്‌പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരുടെ കാര്യത്തിലാണ് പരിക്കെന്ന ആശങ്ക നിലനില്‍ക്കുന്നത്. ഇവരെ ഐപിഎല്‍ കളിക്കുന്നതില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. ഈ ആവശ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ്.
മുഹമ്മദ് ഷമിക്ക് മത്സരങ്ങള്‍ക്കിടെ ആവശ്യമായ വിശ്രമം നല്‍കുമെന്ന് പരിശീലകന്‍ മൈക്ക് ഹെസോണ്‍ വ്യക്തമാക്കി. താരത്തിന്‍റെ വര്‍ക്ക് ലോഡ് പരിഗണിച്ചാണിത്. 'കെ എല്‍ രാഹുലും മുഹമ്മദ് ഷമിയുമായി സംസാരിച്ചിരുന്നു. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുന്ന താരങ്ങളാണിവര്‍. ടൂര്‍ണമെന്‍റില്‍ ഉടനീളം മറ്റ് താരങ്ങളെ പോലെ ഇരുവരെയും മാനേജ് ചെയ്യുമെന്ന്' കിംഗ്‌സ് ഇലവന്‍ പഞ്ചാബ് പരിശീലകന്‍ പറഞ്ഞു.
ഇന്ത്യക്ക് തുടര്‍ച്ചയായി പരമ്പരകള്‍ കളിക്കേണ്ടിവന്നതിനാല്‍ താരങ്ങളുടെ വര്‍ക്ക് ലോഡ് കുറയ്ക്കാന്‍ ബിസിസിഐ നടപടി സ്വീകരിച്ചിരുന്നു. ഇതേ നീക്കം ഐപിഎല്ലിലും ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ കുപ്പായത്തില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച ഷമി ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ന്യൂ ബോള്‍ എറിയുമെന്നാണ് കരുതപ്പെടുന്നത്. ഇംഗ്ലണ്ടില്‍ മെയ് 30നാണ് ലോകകപ്പ് ആരംഭിക്കുന്നത്.