ഇരുട്ടടിയായി സൂപ്പര്‍ താരത്തിന്‍റെ പരിക്ക്; തോല്‍വിക്ക് പിന്നാലെ ചെന്നൈ പ്രതിസന്ധിയില്‍
പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഡ്വെയ‌്ന്‍ ബ്രാവോ അടുത്ത മത്സരം കളിക്കുമോ എന്ന് വ്യക്തമല്ല. മത്സരശേഷം നായകന്‍ എം എസ് ധോണിയാണ് ഇക്കാര്യം സൂചിപ്പിച്ചത്.
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ തോല്‍വി വഴങ്ങിയതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മറ്റൊരു നിരാശ വാര്‍ത്ത. പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഡ്വെയ‌്ന്‍ ബ്രാവോ അടുത്ത മത്സരം കളിക്കുമോ എന്ന് വ്യക്തമല്ല. മത്സരശേഷം എം എസ് ധോണിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. പരിക്കിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എങ്കിടി നേരത്തെ ചെന്നൈ സംഘത്തില്‍ നിന്ന് പിന്‍മാറിയിരുന്നു.
ശനിയാഴ്‌ച കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ അടുത്ത മത്സരം. ബ്രാവോയ്ക്ക് കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ചെന്നൈയ്ക്ക് അത് വമ്പന്‍ തിരിച്ചടിയാവും. ഡെത്ത് ഓവര്‍ സ്‌പെഷലിസ്റ്റായ ബ്രാവോയ്ക്ക് അത്ര നല്ല ദിനമായിരുന്നില്ല മുംബൈയ്ക്കെതിരായ മത്സരം. നാല് ഓവര്‍ എറിഞ്ഞ ബ്രാവോ 49 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് നേടിയത്. ബാറ്റിംഗിലും നിറംമങ്ങിയ ബ്രാവോ 9 പന്തില്‍ എട്ട് റണ്‍സ് മാത്രം എടുത്ത് പുറത്തായി. ഇതിനിടെ പരിക്കേല്‍ക്കുകയും ചെയ്തു.
ഐപിഎല്ലില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് ഡ്വെയ്‌ന്‍ ബ്രാവോ. 126 മത്സരങ്ങളില്‍ 128.98 സ്‌ട്രൈക്ക് റേറ്റില്‍ 1442 റണ്‍സും 8.46 ഇക്കോണമിയില്‍ 143 വിക്കറ്റും വിന്‍ഡീസ് താരം നേടിയിട്ടുണ്ട്. ഈ സീസണില്‍ നാല് മത്സരങ്ങളില്‍ 39 റണ്‍സും ഏഴ് വിക്കറ്റുമാണ് സമ്പാദ്യം.