ദില്ലിയിലും റസല്‍ വെടിക്കെട്ട്; തിരിച്ചുവരവില്‍ കൊല്‍ക്കത്തയ്ക്ക് മികച്ച സ്‌കോര്‍
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്‌ചിത 20 ഓവറില്‍ എട്ട് വിക്കറ്റിന് 185 റണ്‍സെടുത്തു. റസല്‍ 28 പന്തില്‍ ആറ് സിക്‌സുകള്‍ സഹിതം 62 റണ്‍സെടുത്തു.
ദില്ലി: റസല്‍ വെടിക്കെട്ട് ഫിറോസ് ഷാ കോട്‌ലയെ പ്രകമ്പനം കൊള്ളിച്ച മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് 186 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്‌ചിത 20 ഓവറില്‍ എട്ട് വിക്കറ്റിന് 185 റണ്‍സെടുത്തു. റസല്‍ 28 പന്തില്‍ ആറ് സിക്‌സുകള്‍ സഹിതം 62 റണ്‍സെടുത്തു. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം കാര്‍ത്തിക്- റസല്‍ സഖ്യമാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലെത്തിച്ചത്.
ഡല്‍ഹി ബൗളര്‍മാര്‍ കൊടുങ്കാറ്റായപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സന്ദര്‍ശകര്‍ക്ക് 44 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായി. നിഖില്‍(7), ക്രിസ് ലിന്‍(20), ഉത്തപ്പ(11), റാണ(1) എന്നിവരാണ് പുറത്തായത്. ഹര്‍ഷാല്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ റബാഡയും ലമിച്ചാനെയും ഓരോ വിക്കറ്റ് വീഴ്‌ത്തി. നാല് റണ്‍സെടുത്ത ഗില്‍ റണ്‍ഔട്ടായതോടെ കൊല്‍ക്കത്ത 13 ഓവറില്‍ 96-5. എന്നാല്‍ ക്രീസില്‍ ഒന്നിച്ച കാര്‍ത്തിക്കും റസലും കൊല്‍ക്കത്തയെ കരകയറ്റി.
കാര്‍ത്തിക് കരുതലോടെ കളിച്ചപ്പോള്‍ റസല്‍ കഴിഞ്ഞ മത്സരങ്ങളിലെ അതേ വെടിക്കെട്ട് മൂഡിലായിരുന്നു. 23 പന്തില്‍ റസലിന്‍റെ സൂപ്പര്‍ അര്‍ദ്ധ സെഞ്ചുറി. 18-ാം ഓവറിലെ അഞ്ചാം പന്തില്‍ മോറിസ് പുറത്താക്കുമ്പോള്‍ 28 പന്തില്‍ 62 റണ്‍സെടുത്തിരുന്നു റസല്‍. റസലും കാര്‍ത്തിക്കും കൂട്ടിച്ചേര്‍ത്ത് 95 റണ്‍സ്. റസല്‍ പുറത്തായ ശേഷം ഹിറ്റ് ചെയ്ത് കളിച്ച കാര്‍ത്തിക് 36 പന്തില്‍ 50 റണ്‍സെടുത്തു. 19-ാം ഓവറില്‍ മിശ്രക്കായിരുന്നു വിക്കറ്റ്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ചൗളയും(5 പന്തില്‍ 12) കുല്‍ദീപും(5 പന്തില്‍ 10) കൊല്‍ക്കത്തയെ മികച്ച സ്‌കോറിലെത്തിച്ചു.