ഐപിഎല്‍ കലാശപ്പോരില്‍ റണ്‍മഴ? പിച്ച് റിപ്പോര്‍ട്ട് ആരാധകരെ ത്രസിപ്പിക്കും
ഹൈദരാബാദ് പിച്ച് ആരാധകരെ ത്രസിപ്പിക്കും എന്ന് ക്യുറേറ്റര്‍ ഉറപ്പുനല്‍കുന്നു. മുംബൈയും- ചെന്നൈയും തമ്മിലുള്ള ക്ലാസിക് പോരില്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നതും ഇതാണ്.
ഹൈദരാബാദ്: ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും ഇറങ്ങുമ്പോള്‍ ആരാധക കണ്ണുകള്‍ ഹൈദരാബാദ് രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചിലാണ്. ഹിറ്റര്‍മാര്‍ നിറഞ്ഞ ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ റണ്‍മഴ കാണാം എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ആരാധകരുടെ കാത്തിരിപ്പ് വെറുതെയാവില്ല എന്ന സൂചനയാണ് പിച്ച് തയ്യാറാക്കിയ ക്യുറേറ്റര്‍ നല്‍കുന്നത്.
ഏറ്റവും മികച്ച വിക്കറ്റ് ഒരുക്കാനാണ് തങ്ങളുടെ ശ്രമം. മികച്ച വിക്കറ്റായിരിക്കും ഹൈദരാബാദിലേത് എന്ന് ഉറപ്പിക്കാമെന്നും ബിസിസിഐ കുറേറ്റര്‍ ചന്ദ്രശേഖര്‍ റാവു പറഞ്ഞു. എന്നാല്‍ മുന്‍പ് ഒരിക്കല്‍ ഇവിടെ ഒരു ഫൈനല്‍ നടന്നപ്പോള്‍ കുറഞ്ഞ സ്‌കോറാണ് പിറന്നത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 129 റണ്‍സ് നേടിയപ്പോള്‍ പുനെയുടെ മറുപടി ഒരു റണ്‍സ് അകലെ അവസാനിച്ചു.
ഹൈദരാബാദില്‍ രാത്രി 7.30നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- മുംബൈ ഇന്ത്യന്‍സ് ക്ലാസിക് ഫൈനല്‍ ആരംഭിക്കുന്നത്. ഇതുവരെയുള്ള 27 നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ മുംബൈക്ക് 16ഉം ചെന്നൈക്ക് 11ഉം ജയം വീതമാണുള്ളത്. നാലുവട്ടം ചാമ്പ്യന്മാരാകുന്ന ആദ്യ ടീമെന്ന നേട്ടവും 20 കോടി രൂപ സമ്മാനത്തുകയും വിജയികളെ കാത്തിരിക്കുമ്പോള്‍ ഐപിഎല്ലിലെ എൽക്ലാസ്സിക്കോ ഫൈനല്‍ ക്ലാസ്സിക്ക് പോരാട്ടം സമ്മാനിക്കുമെന്ന് ഉറപ്പിക്കാം.