കാമുകന് 24 വയസ്, സ്വന്തം പ്രായം മറച്ചുവെയ്ക്കാൻ വ്യാജ പാസ്‍പോർട്ട് സംഘടിപ്പിച്ച് 41 വയസുകാരി

പ്രണയ ബന്ധത്തെ ബാധിക്കാതിരിക്കാനാണ് യഥാര്‍ത്ഥ വയസ് മറച്ചുവെച്ചതെന്ന് വിമാനത്താവളത്തില്‍ വെച്ച് സ്ത്രീ അവിടുത്തെ ഉദ്യോഗസ്ഥരോട് പറഞ്ഞു.

Woman forged a passport changing her age from 41 to 27 as her boyfriend is only 24 afe

ബെയ്ജിങ്: തന്നെക്കാള്‍ 17 വയസിന് ഇളയ കാമുകനില്‍ നിന്ന് പ്രായം മറച്ചുവെയ്ക്കാന്‍ വ്യാജ പാസ്‍പോര്‍ട്ട്  സംഘടിപ്പിച്ച സ്ത്രീ കുടുങ്ങി. ചൈനയില്‍ നടന്ന സംഭവത്തെക്കുറിച്ച് സൗത്ത് ചൈന മോണിങ് പോസ്റ്റ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വ്യാജ പാസ്‍പോര്‍ട്ടുമായി കാമുകനൊപ്പം വിദേശ യാത്രയ്ക്ക് ബെയ്ജിങ് വിമാനത്താവളത്തിലെത്തിയ ഇവരെ അവിടുത്തെ പരിശോധനയാണ് കുടുക്കിയത്. 

രണ്ട് പാസ്‍പോര്‍ട്ടുകളാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. ഒന്നില്‍ ജനന വർഷം 1982 എന്നും അടുത്തതില്‍ 1996 എന്നും രേഖപ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്ട് പറയുന്നു. 41 വയസുകാരി തന്റെ പ്രായം27 വയസാണെന്ന് കാമുകനെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണത്രെ വ്യാജ പാസ്‍പോര്‍ട്ട് തയ്യാറാക്കിയത്. കാമുകനാവട്ടെ 24 വയസ് മാത്രമാണ് പ്രായം. പ്രണയ ബന്ധത്തെ ബാധിക്കാതിരിക്കാനാണ് യഥാര്‍ത്ഥ വയസ് മറച്ചുവെച്ചതെന്ന് സ്ത്രീ ഉദ്യോഗസ്ഥരോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ജപ്പാനിലേക്ക് യാത്ര ചെയ്യാനാണ് കാമുകനൊപ്പം ഇവര്‍ ബെയ്ജിങ് വിമാനത്താവളത്തില്‍ എത്തിയത്. പരിശോധനയ്ക്കായി വ്യാജ പാസ്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് കൊടുത്തു. ഇതില്‍ അസ്വഭാവികത തോന്നിയ ഉദ്യോഗസ്ഥര്‍ മറ്റ് രേഖകള്‍ ആവശ്യപ്പെട്ടതോടെ ഇവര്‍ പരിഭ്രാന്തരായി. ഉദ്യോഗസ്ഥന്റെ കൈയില്‍ നിന്ന് പാസ്‍പോര്‍ട്ട് പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയും കാര്യം രഹസ്യമാക്കി വെയ്ക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന കാമുകനോട് ചെക് പോയിന്റിലേക്ക് നീങ്ങിക്കൊള്ളാനും നിര്‍ദേശിച്ചു. 

എന്നാല്‍ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍ 900 ഡോളര്‍ ചിലവാക്കി വ്യാജ പാസ്‍പോര്‍ട്ട് സംഘടിപ്പിച്ചുവെന്ന് ഇവര്‍ സമ്മതിച്ചു. ജനന തീയ്യതി തിരുത്തി 1996 എന്ന് രേഖപ്പെടുത്തിയ പാസ്‍പോര്‍ട്ടാണ് വ്യാജമായി ഉണ്ടാക്കിയത്. എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍ താന്‍ ജനന തീയ്യതി മാത്രമേ മാറ്റിയുള്ളു എന്നും വാദിച്ചത്രെ. സ്ത്രീയില്‍ നിന്ന് 3000 യുവാന്‍ പിഴ ഈടാക്കുകയും വ്യാജ പാസ്‍പോര്‍ട്ട് പിടിച്ചെടുക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് പറയുന്നു.

സംഭവത്തെക്കുറിച്ച് ചൈനയില്‍ ലഭ്യമാവുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളില്‍ നിരവധി കമന്റുകളുമുണ്ട്. ഇത്രയും വലിയ പ്രായ വ്യത്യാസം അവകാശപ്പെട്ടിട്ടും കാമുകന് സംശയമൊന്നും തോന്നിയില്ലേ എന്നാണ് പലരും ചോദിച്ചത്. എന്നാല്‍ യഥാര്‍ത്ഥ പ്രണയമാണെങ്കില്‍ പ്രായമൊരു പ്രശ്നമേ അല്ലെന്ന് പറയുന്നവരുമുണ്ട്. ഇത്രവലിയ കുറ്റത്തിന് ആകെ 3000 യുവാന്‍ പിഴയേ ഉള്ളോ എന്നാണ് മറ്റൊരു വിഭാഗത്തിന്റെ സംശയം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios