കൊറോണയുടെ തുടക്കം ഇന്ത്യയില്‍ നിന്നല്ലാത്തതിന് ദൈവത്തിന് നന്ദി; വിവാദ പരമാര്‍ശവുമായി സാമ്പത്തിക ശാസ്ത്രജ്ഞന്‍
ഒ നെയിലിന്‍റെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി ഇന്ത്യ രംഗത്തെത്തി. ഒ നെയിലിന്‍റെ പ്രസ്താവന നിരുത്തരവാദപരവും അനുചിതവുമാണെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മന്ത്രി വിശ്വേശ് നേഗി സിഎന്‍ബിസിയോട് പ്രതികരിച്ചു.
ദില്ലി: കൊറോണവൈറസ് ഉത്ഭവിച്ചത് ഇന്ത്യയില്ലാത്തതിന് ദൈവത്തോട് നന്ദി പറയുകയാണെന്ന ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജിം ഓ നെയിലിന്‍റെ പ്രസ്താവന വിവാദത്തില്‍. മാരകമായ വൈറസ് ബാധ തുടങ്ങിയത് ചൈനയില്‍ നിന്നായത് ഭാഗ്യമാണ്. ഇന്ത്യയെപ്പോലെ ഒരു രാജ്യത്തല്ലല്ലോ കൊറോണവൈറസ് തുടങ്ങിയതെന്നതിന് ദൈവത്തോട് നന്ദി പറയണം. കാരണം ഇന്ത്യയിലായിരുന്നെങ്കില്‍ വൈറസിനെ ചെറുക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാകില്ല. ഇന്ത്യന്‍ ഭരണനേതൃത്വത്തിന് അതിനുള്ള കഴിവുണ്ടാകുമെന്ന് കരുതുന്നില്ലെന്നും ചൈനീസ് മോഡല്‍ മികച്ചതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ബ്രസീല്‍ പോലുള്ള രാജ്യമായാലും സ്ഥിതി ഗുരുതരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഎന്‍ബിസില്‍ നടന്ന ചര്‍ച്ചയിലാണ് നെയിലിന്‍റെ പ്രസ്താവന. കൊറൊണവൈറസിനെ ഇല്ലാതാക്കാന്‍ പാശ്ചാത്യ രാജ്യങ്ങളെ ചൈനയുടെ മാതൃക പിന്തുടരണമെന്നും അദ്ദേഹം ചര്‍ച്ചയില്‍ പറഞ്ഞു.
ഒ നെയിലിന്‍റെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി ഇന്ത്യ രംഗത്തെത്തി. ഒ നെയിലിന്‍റെ പ്രസ്താവന നിരുത്തരവാദപരവും അനുചിതവുമാണെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മന്ത്രി വിശ്വേശ് നേഗി സിഎന്‍ബിസിയോട് പ്രതികരിച്ചു.
ആഗോള മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 ഇന്ത്യയില്‍ ഇതുവരെ 72 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. ഒരാള്‍ പോലും മരിച്ചതായും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ ഇതുവരെ 3169 പേര്‍ മരിച്ചു. 80000ത്തിലധികം പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു. കൊവിഡ് 19നെതിരെ കടുത്ത പ്രതിരോധമാണ് ഇന്ത്യ സ്വീകരിക്കുന്നത്. മന്ത്രിമാരുടെ വിദേശ യാത്ര റദ്ദാക്കുകയും വിദേശികള്‍ക്ക് വിസ നല്‍കുന്നതും വിലക്കുകയും ചെയ്തിട്ടുണ്ട്.