വിദേശത്തും സ്വദേശത്തും ഒരു പോലെ ഹോട്ടാണ് ഈ 'ചൈനീസ് വനിത'
ലാവോ ഗാന്‍ മാ സ്പൈസി ചില്ലി ക്രിസ്പി എന്ന സോസ് ഉപയോഗിക്കാത്ത ചൈനീസുകാരുണ്ടാവില്ല. വിദേശങ്ങളിലും ഈ സോസിന് ആവശ്യക്കാര്‍ ഏറെയാണ്. കറുത്ത നിറത്തിലുള്ള വറുത്ത അരിഞ്ഞ മുളകോട് കൂടിയ സോസ് ഇപ്പോള്‍ അമേരിക്കാര്‍ക്ക് കൂടി ഏറെ പ്രിയങ്കരമാണ്
വിദേശത്തും സ്വദേശത്തും ഒരു പോലെ ഹോട്ടാണ് ഈ ചൈനീസ് 'വനിത'. താവോ ഹുആബി എന്ന ചൈനീസ് സംരംഭകയെക്കുറിച്ചാണ് പറയുന്നത്. പട്ടിണിയുടേയും പരിവട്ടത്തിന്‍റേയും കാലം മറികടന്ന് ചൈനയിലും വിദേശങ്ങളിലുമുള്ള ചൈനീസ് വിഭവങ്ങളിലെ ഒഴിവാക്കാനാകാത്ത മുളക് സോസാണ് താവോ ഹുആബി തയ്യാറാക്കിയത്. ലാവോ ഗാന്‍ മാ സ്പൈസി ചില്ലി ക്രിസ്പി എന്ന സോസ് ഉപയോഗിക്കാത്ത ചൈനീസുകാരുണ്ടാവില്ല. വിദേശങ്ങളിലും ഈ സോസിന് ആവശ്യക്കാര്‍ ഏറെയാണ്. കറുത്ത നിറത്തിലുള്ള വറുത്ത അരിഞ്ഞ മുളകോട് കൂടിയ സോസ് ഇപ്പോള്‍ അമേരിക്കാര്‍ക്ക് കൂടി ഏറെ പ്രിയങ്കരമാണ്. പീനട്ട്, സോയാ ബീന്‍, എംഎസ്ജി, എണ്ണ എന്നിവയ്ക്കൊപ്പം വറുത്ത മുളകുമാണ് ഈ സോസിന്‍റെ പ്രധാന ഘടകങ്ങള്‍.
1.05 ബില്യണ്‍ ഡോളറാണ് ഈ സോസ് വിറ്റ് താവോ ഹുആബി ഒരോ വര്‍ഷവും സമ്പാദിക്കുന്നതെന്നാണ് ഫോബ്സ് കണക്കുകള്‍. 1947ല്‍ ദരിദ്ര കുടുംബത്തിലെ എട്ടാമത്തെ കുട്ടിയായാണ് താവോ ജനിക്കുന്നത്. സ്കൂളില്‍ പോകാത്തതിനാല്‍ എഴുത്തും വായനയും അറിയില്ല. ഭര്‍ത്താവ് മരിച്ചതോടെ ജന്മദേശമായ ഗിസോഹു വിട്ട് നഗരമായ ഗുയാങ്ങിലേക്ക് ഇവര്‍ എത്തി. ഗുയാങ്ങിലെ തെരുവുകളില്‍ നൂഡില്‍സ് വിറ്റാണ് ഉപജീവനത്തിനുള്ള വക താവോ കണ്ടെത്തിയത്. താവോയുടെ നൂഡില്‍സിനൊപ്പമുള്ള സോസിന് വന് ഡിമാന്‍ഡ് അന്നേയുണ്ട്. ഗുയാങ്ങില്‍ പതിയെ ഒരു ഭക്ഷണശാല തുറന്ന ശേഷം സോസ് ബോട്ടിലുകളിലാക്കി ട്രെക്ക് ഡ്രൈവര്‍മാര്‍ക്ക് സൌജന്യമായി നല്‍കിയാണ് താവോയുടെ ആദ്യ മാര്‍ക്കറ്റിംഗ് തടന്നത്.
സോസിന് ഡിമാന്‍ഡ് കൂടിയതോടെ 1996ല്‍ ഒരു ചെറിയ സോസ് നിര്‍മ്മാണ ഫാക്ടറി തുടങ്ങി. ഒരു വര്‍ഷത്തിന് പിന്നാലെ ലാവോ ഗാന്‍ മാ സ്പെഷല്‍ ഫുഡ് സ്റ്റഫ് എന്ന കമ്പനി പിറവിയെടുത്തു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ദിവസം 1.3 മില്യണ്‍ സോസ് ബോട്ടിലുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ചൈനാക്കാര്‍ക്ക് അവരുടെ നൊസ്റ്റാള്‍ജിയയുടെ ഭാഗമാണ് ഈ സോസെന്നതാണ് ലാവോ ഗാന്‍ മായുടെ വിജയ രഹസ്യമെന്നാണ് ചൈനീസ് സ്റ്റഡീസ് പ്രൊഫസറായ മിറാന്‍ഡ ബ്രൌണ്‍ പറയുന്നത്. ചൈനയില്‍ ഉല്‍പാദിപ്പിച്ച ഇന്‍ഗ്രേഡിയന്‍റുകളിലുള്ള ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള പ്രവണത ചൈനീസുകാര്‍ക്കുണ്ടെന്നും മിറാന്‍ഡ വിലയിരുത്തുന്നു.
അടുത്ത കാലത്തായി അമേരിക്കയില്‍ ഈ സോസിന് ഏറെ ആരാധകരാണുള്ളത്. എന്നാല്‍ അമേരിക്കയില്‍ ലഭ്യമായ സോസില്‍ എംഎസ്ജിക്ക് പകരമായി സ്വാഭാവിക വസ്തുക്കള്‍ ആണ് ഉപയോഗിക്കുന്നതെന്ന മാറ്റമുണ്ട്. കൊവിഡ് വ്യാപിച്ചതോടെ വീട്ടില് തയ്യാറാക്കിയ ഭക്ഷണത്തിന് വന്‍ ഡിമാന്‍ഡ് കൂടിയതും താവോയ്ക്ക് സഹായകരമായിയെന്നാണ് നിരീക്ഷണം. താവോയുടെ ചിത്രം തന്നെയാണ് സോസിന്‍റെ കുപ്പിയിലും ഒട്ടിച്ചിരിക്കുന്നത്.