കാണാതായ പൂച്ചയെ കണ്ടെത്തി, വീട്ടിലെത്തിയതിന് പിന്നാലെ മാന്തി; രക്തംവാർന്ന് 55കാരന് ദാരുണാന്ത്യം, സംഭവം റഷ്യയിൽ
കാണാതായ പൂച്ചയെ രണ്ട് ദിവസം നീണ്ട തിരച്ചിലൊടുവിലാണ് ദിമിത്രിയ്ക്ക് കണ്ടെത്താനായത്.
മോസ്കോ: റഷ്യയിൽ വളർത്തു പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റ 55കാരന് ദാരുണാന്ത്യം. ദിമിത്രി ഉഖിൻ എന്നയാളാണ് രക്തംവാർന്ന് മരിച്ചത്. ദിമിത്രിയുടെ ആരോഗ്യപ്രശ്നങ്ങളാണ് സ്ഥിതി വഷളാകാൻ കാരണമായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നവംബർ 22ന് റഷ്യയിലെ ലെനിൻഗ്രാഡ് മേഖലയിലെ കിരിഷി ജില്ലയിലാണ് സംഭവം.
രണ്ട് ദിവസം മുമ്പ് കാണാതായ തൻ്റെ പൂച്ച സ്റ്റിയോപ്കയെ തിരയുകയായിരുന്നു ദിമിത്രി ഉഖിൻ. തിരച്ചിലുകൾക്കൊടുവിൽ തെരുവിൽ നിന്ന് പൂച്ചയെ കണ്ടെത്തി. തുടർന്ന് ദിമിത്രി പൂച്ചയെ വീട്ടിലേക്ക് കൊണ്ടുവന്നു. അന്ന് വൈകുന്നേരത്തോടെ പൂച്ച ദിമിത്രിയുടെ കാലിൽ ചെറുതായി മാന്തി. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, രക്തം കട്ടപിടിക്കുന്ന അവസ്ഥ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന ദിമിത്രിയെ പൂച്ചയുണ്ടാക്കിയ മുറിവ് ഗുരുതരമായി ബാധിച്ചു.
രക്തസ്രാവം തടയാൻ കഴിയാതെ വന്നതോടെ ദിമിത്രി തൻ്റെ അവസ്ഥയുടെ ഗൗരവം മനസ്സിലാക്കുകയും ഉടൻ തന്നെ സഹായത്തിനായി അയൽക്കാരനെ വിളിക്കുകയും ചെയ്തു. രാത്രി 11 മണിയോടെ ഒരാൾ തൻ്റെ സുഹൃത്തിൻ്റെ കാലിൽ നിന്ന് വലിയ രീതിയിൽ രക്തം വരുന്നതായി എമർജൻസി സർവീസിനെ വിളിച്ച് അറിയിച്ചെന്നും ദിമിത്രിയുടെ കാലിലെ മുറിവ് ഗുരുതരമാകുകയും രക്തം വാർന്ന് ദിമിത്രി മരിക്കുകയും ചെയ്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
മെഡിക്കൽ സംഘം എത്താൻ ഏറെ സമയമെടുത്തതായി പ്രഥമ ശുശ്രൂഷ നൽകിയ അയൽവാസി ആരോപിച്ചു. മെഡിക്കൽ സംഘം എത്തിയപ്പോഴേയ്ക്കും ദിമിത്രി മരണത്തിന് കീഴടങ്ങിയെന്നാണ് അയൽവാസി പറയുന്നത്. സംഭവസമയത്ത് ദിമിത്രിയുടെ ഭാര്യ നതാലിയ വീട്ടിലുണ്ടായിരുന്നില്ല. സ്റ്റിയോപ്ക എന്ന പൂച്ച നിരുപദ്രവകാരിയാണെന്ന് നതാലിയ പറഞ്ഞു. ഫോറൻസിക് വിദഗ്ധർ ഇതുവരെ മരണത്തിൻ്റെ ഔദ്യോഗിക കാരണം സ്ഥിരീകരിച്ചിട്ടില്ല. ദിമിത്രിയുടെ ആരോഗ്യപ്രശ്നങ്ങളും വൈദ്യസഹായം ലഭിക്കാൻ വൈകിയതുമാണ് മരണകാരണമായി വിലയിരുത്തപ്പെടുന്നത്.