'ഹുഡും മാസ്കും ധരിച്ചെത്തി മിന്നൽ മോഷണം', പ്രമുഖ മാളിൽ നിന്ന് 10 മിനിറ്റിൽ കാണാതായത് 76ലക്ഷത്തിന്റെ ഉൽപന്നങ്ങൾ
12 പേർ പത്ത് മിനിറ്റിൽ അടിച്ച് മാറ്റിയത് 76 ലക്ഷത്തിന്റെ ഉൽപന്നങ്ങൾ. മോഷണം പോയതിൽ ബ്രാൻഡഡ് വസ്ത്രങ്ങളും ബാഗുകളും. മോഷണവും രക്ഷപ്പെടലും എല്ലാം പത്ത് മിനിറ്റിൽ കഴിഞ്ഞതായും മോഷണം നടന്നതായി തിരിച്ചറിഞ്ഞപ്പോഴേയ്ക്കും മോഷ്ടാക്കൾ മാൾ വിട്ട് പോയിരുന്നതായാണ് പൊലീസ് വിശദമാക്കുന്നത്.
കനോഗ പാർക്ക്: പത്ത് മിനിട്ടിൽ അടിച്ച് മാറ്റിയത് ലക്ഷങ്ങളുടെ ഉത്പന്നങ്ങൾ. പ്രമുഖ മാളിലെ ഫ്ലാഷ് മോബ് കൊള്ളയിൽ ആറ് പേർ പിടിയിൽ. ലോസാഞ്ചലസിലെ കനോഗ പാർക്കിന് സമീപത്തുള്ള വെസ്റ്റ്ഫീൽഡ് ടോപാൻഗ മാളിലായിരുന്ന കഴിഞ്ഞ ആഴ്ച സൂപ്പർ ഫാസ്റ്റ് മോഷണങ്ങൾ നടന്നത്. ഒരേ സമയം നിരവധി പേർ ചേർന്ന് നിരവധി കടകളിൽ നിന്ന് വിലയേറിയ ഉത്പന്നങ്ങൾ പത്ത് മിനിറ്റിൽ അടിച്ച് മാറ്റി മുങ്ങുകയായിരുന്നു. നഗരത്തിലെ പ്രമുഖ മാളിലെ വാരാന്ത്യ തിരക്കിനിടെയായിരുന്നു മോഷണം. പന്ത്രണ്ടോളം പേരെയാണ് പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോഷണം നടത്തുന്നതായി കണ്ടെത്തിയത്.
വൈകുന്നേരം 5.15ഓടെ പന്ത്രണ്ടോളം പേർ മാളിലെ തിരക്കേറിയ രണ്ട് സ്റ്റോറിൽ നിന്നായി 76 ലക്ഷം രൂപയുടെ ഉത്പന്നങ്ങളാണ് പത്ത് മിനിറ്റിൽ അടിച്ച് മാറ്റി കടന്നുകളഞ്ഞത്. മാസ്കും ഹുഡും ധരിച്ചെത്തിയ മോഷ്ടാക്കൾ വൻ വിലയുള്ള ബ്രാൻഡഡ് ബാഗുകളും തുണികളുമാണ് മോഷ്ടിച്ചതെന്നാണ് ലോസാഞ്ചലസ് പൊലീസിന് ലഭിച്ചിരിക്കുന്ന പരാതി. മോഷണവും രക്ഷപ്പെടലും എല്ലാം പത്ത് മിനിറ്റിൽ കഴിഞ്ഞതായും മോഷണം നടന്നതായി തിരിച്ചറിഞ്ഞപ്പോഴേയ്ക്കും മോഷ്ടാക്കൾ മാൾ വിട്ട് പോയിരുന്നതായാണ് പൊലീസ് വിശദമാക്കുന്നത്.
ഇത്തരം സ്ഥാപനങ്ങളിലെ മോഷണം കണ്ടെത്താനുള്ള പ്രത്യേക പൊലീസ് സംഘമാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. കുറ്റകൃത്യത്തിനായി ഇവർ ഉപയോഗിച്ച വാഹനങ്ങളും പൊലീസ് സഹായത്തോടെ തിരിച്ചറിഞ്ഞു. ഇത്തരത്തിലൊരു കാറിൽ നിന്നാണ് പൊലീസ് അഞ്ച് പേരെ കണ്ടെത്തിയത്. ഇവർ മോഷണത്തിൽ ഭാഗമായിരുന്നവരെന്നാണ് പൊലീസ് വിശദമാക്കുന്നത്. മൂന്ന് പ്രായപൂർത്തിയായവരും രണ്ട് കൌമാരക്കാരുമാണ് അറസ്റ്റിലായിട്ടുള്ളത്. ഇവർക്ക് പിന്നാലെ അറസ്റ്റിലായ ആറാമനിൽ നിന്ന് മോഷണം പോയ വസ്തുക്കളിൽ ചിലതും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം