പാതിവഴിയിൽ വിമാനത്തിലെ എൻജിൻ ഓഫാക്കി എക്സ്ട്രാ പൈലറ്റ്, വിമാന കമ്പനിക്കെതിരെ കഷ്ടിച്ച് രക്ഷപ്പെട്ട യാത്രക്കാർ
വിമാനയാത്രയ്ക്കിടെ സുരക്ഷ ഉറപ്പിക്കാനായില്ലെന്ന ഗുരുതര ആരോപണമാണ് സീറ്റില്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാനക്കമ്പനിക്കെതിരെ പരാതിക്കാര്‍ ഉന്നയിച്ചിട്ടുള്ളത്
പോര്‍ട്ട്ലാന്‍ഡ്: ഓഫ് ഡേ ആയിരുന്ന പൈലറ്റിനെ ഡ്യൂട്ടിക്ക് വിളിച്ചതിന് പിന്നാലെ പറന്നുകൊണ്ടിരുന്ന വിമാനത്തിലെ എന്‍ജിന്‍ ഓഫ് ചെയ്തതില്‍ വിമാനക്കമ്പനിക്കെതിരെ കോടതിയെ സമീപിച്ച് യാത്രക്കാര്‍. മഷ്റൂം കഴിച്ച് ലഹരിയിലായിരുന്ന പൈലറ്റ് ജംപ് സീറ്റിലിരുന്ന് എന്‍ജിന്‍ ഓഫാക്കിയതിന് പിന്നാലെ ഹൊറിസോണ്‍ എയറിന്‍റെ അലാസ്ക വിമാന സര്‍വ്വീസിനെതിരെയാണ് മൂന്ന് യാത്രക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. 80 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്ന സമയത്തായിരുന്നു ജോസഫ് ഡേവിഡ് എമേഴ്സെണ്‍ എന്ന പൈലറ്റ് എൻജിനുകൾ ഓഫ് ചെയ്തത്.
വിമാനയാത്രയ്ക്കിടെ സുരക്ഷ ഉറപ്പിക്കാനായില്ലെന്ന ഗുരുതര ആരോപണമാണ് സീറ്റില്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാനക്കമ്പനിക്കെതിരെ പരാതിക്കാര്‍ ഉന്നയിച്ചിട്ടുള്ളത്. ഒക്ടോബര്‍ 22നാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. വാഷിംഗ്ടണിലെ എവറെറ്റില്‍ നിന്ന് സാന്‍സ്ഫ്രാന്‍സിസ്കോയിലേക്കുള്ള വിമാനത്തിന്റെ എന്‍ജിനാണ് 44 കാരനായ പൈലറ്റ് ജോസഫ് ഡേവിഡ് എമേഴ്സെണ്‍ പാതിവഴിയില്‍ വച്ച് ഓഫ് ചെയ്തത്. ഇതോടെ വിമാനം അടിയന്തരമായി നിലത്തിറക്കേണ്ടി വന്നിരുന്നു.എന്‍ജിന്‍ ഓഫാക്കിയതിന് പിന്നാലെ വിമാനത്തിലെ ഫസ്റ്റ് ഓഫീസറെ കയ്യേറ്റം ചെയ്ത പൈലറ്റിനെ ക്യാബിന്‍ ക്രൂ അംഗങ്ങളാണ് പിടിച്ച് മാറ്റിയത്. ഇയാളെ സീറ്റിനോട് ചേര്‍ത്ത് കൈകള്‍ കെട്ടിയ നിലയിലാണ് വിമാനം തിരികെ പോര്‍ട്ട്ലാന്‍ഡില്‍ അടിയന്തരമായി തിരികെ ഇറക്കിയത്. സമയ നഷ്ടത്തിനും നേരിട്ട ശാരീരിക മാനസിക വൃഥകള്‍ക്കും ടിക്കറ്റിന്റെ പണമടക്കം നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതിയെ സമീപിച്ച യാത്രക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വിമാനത്തെ അപകടത്തിലാക്കിയതിനും വിമാനത്തിലെ ഓരോ യാത്രക്കാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് പൈലറ്റിനെതിരെ കേസ് എടുത്തിട്ടുണ്ട്. എന്നാല്‍ മാജിക് മഷ്റൂം അടിച്ച് ലഹരിയിലായ സമയത്താണ് ഡ്യൂട്ടിക്ക് വിളിച്ചതെന്നാണ് പൈലറ്റ് നല്‍കിയിരിക്കുന്ന മൊഴി. അടുത്തിടെ സുഹൃത്ത് മരിച്ചതിന് പിന്നാലെ വിഷാദ രോഗത്തിന് അടിമയായെന്നും ഡ്യൂട്ടിക്ക് വിളിക്കുന്നതിന് മുന്‍ 40 മണിക്കൂര്‍ ഉറങ്ങിയിട്ടില്ലെന്നുമാണ് പൈലറ്റ് കോടതിയില്‍ പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം