പടിയിറങ്ങും മുമ്പ് റഷ്യയ്ക്ക് പണി കൊടുക്കാൻ ബൈഡൻ; യുക്രൈന് 725 മില്യൺ ഡോളറിന്റെ ആയുധ പാക്കേജ് ഒരുങ്ങുന്നു

ആയുധ പാക്കേജിൻ്റെ ഔദ്യോഗികമായ അറിയിപ്പ് അടുത്ത തിങ്കളാഴ്ച (ഡിസംബർ 2) ഉണ്ടാകുമെന്നാണ് സൂചന. 

Joe Biden administration plans $725 million arms package for Ukraine says reports

വാഷിം​ഗ്ടൺ: റഷ്യ-യുക്രൈൻ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ യുക്രൈന് വേണ്ടി അമേരിക്ക വൻ ആയുധ പാക്കേജ് തയ്യാറാക്കുന്നതായി റിപ്പോർട്ട്. ജനുവരിയിൽ പ്രസിഡന്റ് സ്ഥാനം ഒഴിയുന്ന ജോ ബൈഡൻ യുക്രൈന് വേണ്ടി 725 മില്യൺ ഡോളറിന്റെ ആയുധ പാക്കേജാണ് തയ്യാറാക്കുന്നതെന്ന് പദ്ധതിയുമായി ബന്ധമുള്ള രണ്ട് യുഎസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്. 

റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കാനായി അമേരിക്കയുടെ പക്കലുള്ള വിവിധ ടാങ്ക് വിരുദ്ധ ആയുധങ്ങൾ യുക്രൈന് നൽകാൻ ബൈഡൻ ഭരണകൂടം പദ്ധതിയിടുന്നതായാണ് സൂചന. ലാൻഡ് മൈനുകൾ, ഡ്രോണുകൾ, സ്റ്റിംഗർ മിസൈലുകൾ, ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റങ്ങൾക്കുള്ള (ഹിമാർസ്) വെടിമരുന്ന് എന്നിവയുൾപ്പെടെ നൽകാനാണ് പദ്ധതിയിടുന്നത്. ആയുധ പാക്കേജിൻ്റെ ഔദ്യോഗികമായ അറിയിപ്പ് തിങ്കളാഴ്ച ഉണ്ടാകുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. പാക്കേജുകളിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചേക്കാനുള്ള സാധ്യതയും ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല. 

അവശ്യഘട്ടങ്ങളിൽ സഖ്യകക്ഷികളെ സഹായിക്കാൻ നിലവിലെ ആയുധ ശേഖരത്തിൽ നിന്ന് ആവശ്യമായത് എടുക്കാൻ പ്രസിഡൻഷ്യൽ ഡ്രോഡൗൺ അതോറിറ്റി (പിഡിഎ) പ്രസിഡന്റിനെ അനുവദിക്കുന്നുണ്ട്. എന്നാൽ, സമീപകാലത്തെ പിഡിഎ പ്രഖ്യാപനങ്ങൾ സാധാരണയായി 125 മില്യൺ ഡോളർ മുതൽ 250 മില്യൺ ഡോളർ വരെയാണ് എന്നതാണ് ശ്രദ്ധേയം. പിഡിഎയിൽ 4 ബില്യൺ മുതൽ 5 ബില്യൺ ഡോളർ വരെ ഉപയോഗിക്കാൻ ബൈഡന് കോൺഗ്രസിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. അതിനാൽ നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ജനുവരി 20ന് അധികാരമേൽക്കുന്നതിന് മുമ്പ് തന്നെ ബൈഡൻ ഇത് ഉപയോഗിക്കുമെന്നാണ് വിലയിരുത്തൽ. 

READ MORE:  കുതിരാന്‍ തുരങ്കത്തില്‍ വെള്ളവും ചെളിയും; ഇരുചക്ര വാഹനങ്ങള്‍ക്ക് ഭീഷണി, അപകട സാധ്യതയുണ്ടെന്ന് യാത്രക്കാർ

Latest Videos
Follow Us:
Download App:
  • android
  • ios