പലസ്തീന് ഐക്യദാർഢ്യം; ഇസ്രായേലിനെ ആക്രമിച്ച് ഹൂതികൾ, 'പലസ്തീൻ 2' ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ തൊടുത്തു
ഗാസയിൽ ഇസ്രായേൽ നടത്തിയ 'കൂട്ടക്കൊലകൾക്ക്' മറുപടിയായാണ് ആക്രമണമെന്ന് ഹൂതികൾ പറഞ്ഞു.
ടെൽ അവീവ്: ഇസ്രായേലിനെതിരെ മിസൈൽ ആക്രമണം നടത്തി യെമനിലെ ഹൂതികൾ. മധ്യ ഇസ്രായേലിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ സൈന്യം ഗാസയ്‌ക്കെതിരായ യുദ്ധം അവസാനിപ്പിക്കുന്നത് വരെ ഇസ്രായേലിനെതിരെ സൈനിക നടപടികൾ തുടരുമെന്ന് ഹൂതികൾ അറിയിച്ചു.
'പലസ്തീൻ 2' എന്ന ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സാരി ഒരു ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു. ഒരു വർഷത്തിലേറെയായി ഗാസയിലെ 45,000-ത്തിലധികം ആളുകളെ കൊലപ്പെടുത്തിയ ഇസ്രായേലിന്റെ 'കൂട്ടക്കൊലകൾക്ക്' മറുപടിയായാണ് ആക്രമണമെന്ന് ഹൂതികൾ പറഞ്ഞു. ആക്രമണം ലക്ഷ്യം കണ്ടെന്ന് ഹൂതികൾ അവകാശപ്പെട്ടു. എന്നാൽ, ഹൂതികളുടെ ആക്രമണം രാജ്യത്തേയ്ക്ക് കടക്കുന്നതിന് മുമ്പ് തടഞ്ഞതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
കഴിഞ്ഞയാഴ്ച, ടെൽ അവീവിനടുത്തുള്ള യാവ്‌നെ നഗരത്തിലെ ഒരു കെട്ടിടത്തിൽ യെമൻ ഡ്രോൺ പതിച്ചിരുന്നു. നവംബർ 27 ന് ലെബനനിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷവും ഹൂതികൾ ഇസ്രായേലിനെതിരെ ആക്രമണം തുടരുകയാണ്. ഇസ്രായേലിന് നേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കുന്നതിനു പുറമേ ഗാസയിലെ പലസ്തീനികൾക്ക് ഐക്യദാർഢ്യമെന്ന പേരിൽ ചെങ്കടലിലും ചുറ്റുമുള്ള കപ്പലുകളിലും ഹൂതികൾ ആക്രമണം നടത്തുന്നുണ്ട്.
READ MORE: മാനന്തവാടിയിൽ മൃതദേഹം ഓട്ടോയിൽ കൊണ്ടുപോയ സംഭവം; പരാതി നൽകുമെന്ന് കുടുംബം