2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഫുഡ് റെസിപ്പികളിലൊന്ന് ദീപിക പദുകോണിന്‍റെ പ്രിയപ്പെട്ട വിഭവം
ഒരു പരിപാടിക്കിടെ തന്‍റെ പ്രിയവിഭാവം എമ ദട്ഷി ആണെന്ന് ദീപിക പറഞ്ഞതിന് പിന്നാലെയാണ് സാമൂഹികമാധ്യമങ്ങളിൽ എമ ദട്ഷി തയ്യാറാക്കുന്ന റെസിപ്പികള്‍ ആളുകള്‍ തിരഞ്ഞത്.
ഗൂഗിളിന്റെ വര്‍ഷാന്ത്യ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും അധികം തിരഞ്ഞ റെസിപ്പികളിലൊന്ന് ബോളിവുഡ് നടി ദീപിക പദുകോണിന്‍റെ പ്രിയപ്പെട്ട വിഭവമായ എമ ദട്ഷിയാണ്. ഭൂട്ടാന്‍ വിഭവമായ എമ ദട്ഷി ഇത്രത്തോളം വൈറലായതിനു പിന്നിലും ദീപിക തന്നെ.
ഒരു പരിപാടിക്കിടെ തന്‍റെ പ്രിയവിഭാവം എമ ദട്ഷി ആണെന്ന് ദീപിക പറഞ്ഞതിന് പിന്നാലെയാണ് സാമൂഹികമാധ്യമങ്ങളിൽ എമ ദട്ഷി തയ്യാറാക്കുന്ന റെസിപ്പികള്‍ ആളുകള്‍ തിരഞ്ഞത്. സ്റ്റൂ പോലത്തെ ഒരു വിഭവമാണ് എമ ദട്ഷി. ചീസ് പ്രധാനപ്പെട്ട ചേരുവയായ എമ ദട്ഷി ചോറിനൊപ്പമാണ് വിളമ്പുന്നത്. ഈ വിഭവം തയ്യാറാക്കാനായി ചീസ്, പച്ചമുളക്, സവാള, ഓയില്‍, വെളുത്തുള്ളി എന്നിവയാണ് വേണ്ട ചേരുവകള്‍.
ആദ്യം ആവശ്യമായ പച്ചമുളകെടുത്ത് അത് നെടുകെ കീറി അരിയെല്ലാം വേര്‍പെടുത്തി മാറ്റി വയ്ക്കണം. ഇനിയൊരു പാനില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് പൊടിയായി അരിഞ്ഞ വെളുത്തുള്ളിയും നീളത്തില്‍ അരിഞ്ഞ സവാളയും ചേര്‍ത്ത് വഴറ്റുക. ഇനി ഇതിലേക്ക് മാറ്റിവച്ച പച്ചമുളകും ചേര്‍ക്കും. ശേഷം ഇതെല്ലാം നന്നായി വഴണ്ടുവരുമ്പോള്‍ വെള്ളം ചേര്‍ക്കുക. ഇനി ഉപ്പും കുരുമുളകുപൊടിയും കൂടി ചേര്‍ക്കാം. ശേഷം വെള്ളം തിളയ്ക്കുമ്പോഴേക്ക് ചീസ് ചേര്‍ക്കാം. ചീസ് കൂടി നന്നായി തിളച്ച് കറിയിലേക്ക് ചേര്‍ന്നുവരുമ്പോള്‍ തീയണയ്ക്കാം. ഇതോടെ സംഭവം റെഡി. ഇനി ഇത് ചൂട് ചോറിനൊപ്പം കഴിക്കാം.
Also read: കെ-ഫുഡ് മുതല്‍ ചക്ക ബിരിയാണി വരെ; 2024ല്‍ 'വായില്‍ കപ്പലോടിച്ച' വൈറല്‍ ഭക്ഷണങ്ങള്‍