ഫുൾ ചാർജ്ജിൽ 350 കിമിക്ക് മേൽ നിൽക്കാതെ ഓടും, ക്രെറ്റ ഇവിയുടെ ലോഞ്ച് തീയ്യതി പ്രഖ്യാപിച്ചു
ജനുവരിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോ 2025യിൽ ഹ്യുണ്ടായ് ഇന്ത്യ പുതിയ ക്രെറ്റ ഇലക്ട്രിക്കിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ.
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയിൽ നിന്നും ഏറെ കാത്തിരിക്കുന്ന ഒരു മോഡലാണ് പുതിയ ക്രെറ്റ ഇലക്ട്രിക് എസ്‌യുവി. ജനുവരിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോ 2025യിൽ ഹ്യുണ്ടായ് ഇന്ത്യ പുതിയ ക്രെറ്റ ഇലക്ട്രിക്കിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. 2025 ജനുവരി 17-ന് നടക്കുന്ന ഓട്ടോ എക്‌സ്‌പോയുടെ ആദ്യ ദിവസം തന്നെ കമ്പനി ക്രെറ്റ ഇവിയുടെ വില പ്രഖ്യാപിക്കുമെന്നും എസ്‌യുവി പൊതു പ്രദർശനവും നടക്കും എന്നുമാണ് റിപ്പോർട്ടുകൾ.
ക്രെറ്റ ഇവിയുടെ ഡിസൈനും സ്റ്റൈലിംഗും അതിൻ്റെ ഐസിഇ പതിപ്പിൽ നിന്ന് വ്യത്യസ്‍തമായിരിക്കും. ഇവി അനുസൃത മാറ്റങ്ങളിൽ ഭൂരിഭാഗവും വാഹനത്തിന്‍റെ ഫ്രണ്ട് ഫാസിയയിൽ വരുത്തും. അതിൽ പുതിയ ക്ലോസ്-ഓഫ് ഗ്രില്ലും പുതുക്കിയ ബമ്പറും ഉണ്ടാകും. ഒരു പുതിയ കൂട്ടം അലോയ് വീലുകൾ ഒഴികെ, സൈഡ് പ്രൊഫൈൽ സാധാരണ ക്രെറ്റയ്ക്ക് സമാനമായിരിക്കും. കൂടാതെ, വേറിട്ട ഇവി ബാഡ്‍ജുകൾ വാഹനത്തിന്‍റെ പിൻഭാഗത്തും ഉണ്ടായിരിക്കും.
ഹ്യുണ്ടായ് ക്രെറ്റ ഇവിയുടെ പവർട്രെയിൻ സജ്ജീകരണത്തിൽ 45kWh ബാറ്ററി പാക്കും 138bhp കരുത്തും 255Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഫ്രണ്ട് ആക്‌സിൽ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറും ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. എതിരാളികളെ അപേക്ഷിച്ച്, ക്രെറ്റ ഇവിക്ക് ചെറിയ ബാറ്ററി പാക്ക് ഉണ്ടായിരിക്കും. കൃത്യമായ സ്‌പെസിഫിക്കേഷനുകളും റേഞ്ച് കണക്കുകളും അടുത്ത മാസം ഭാരത് മൊബിലിറ്റി ഷോയിൽ പൊതു അരങ്ങേറ്റ സമയത്ത് വെളിപ്പെടുത്തും. എങ്കിലും ഒരു തവണ ചാർജ് ചെയ്താൽ 350 കിലോമീറ്ററിനുമേൽ റേഞ്ച് ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ.
ഇൻ്റീരിയർ ലേഔട്ട് മാറ്റമില്ലാതെ തുടരാൻ സാധ്യതയുണ്ട്. എങ്കിലും, പുതിയ കോന ഇവിയിൽ നിന്ന് കടമെടുത്ത വ്യതിരിക്തമായ ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ മുഖേനയാണ് ഇലക്ട്രിക് പതിപ്പിനെ തിരിച്ചറിയുന്നത്. താരതമ്യത്തിന്, സാധാരണ ക്രെറ്റയിൽ ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ ഉണ്ട്. എച്ച്‍വിഎസി നിയന്ത്രണങ്ങളുള്ള സെൻ്റർ പാനൽ ഏതാനും മാസങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ അൽകാസർ ഫെയ്‌സ്‌ലിഫ്റ്റിൽ നിന്ന് ലഭിക്കും. പുതുക്കിയ സെൻ്റർ കൺസോളിൽ ഓട്ടോ ഹോൾഡിനുള്ള ബട്ടണുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 360 ഡിഗ്രി ക്യാമറ, കൂൾഡ് സീറ്റുകൾ എന്നിവ ഉണ്ടാകും. കൂടാതെ, സ്റ്റിയറിംഗ് കോളത്തിന് സമീപം ഒരു ഡ്രൈവ് സെലക്ടർ കൺട്രോളർ ഉണ്ടായിരിക്കും. സാധാരണ ക്രെറ്റയ്ക്ക് സമാനമായി, ഹ്യുണ്ടായ് ക്രെറ്റ ഇവിയിൽ ഇരട്ട സ്‌ക്രീൻ സജ്ജീകരണം അവതരിപ്പിക്കും-ഒന്ന് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിനും മറ്റൊന്ന് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിനും. ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിന് ചില പുതിയ ഫീച്ചറുകൾക്കൊപ്പം ഒരു സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിലവിലെ ഐസിഇ ക്രെറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ ക്രെറ്റ ഇവി പ്രീമിയം വിലയുള്ളതായിരിക്കും. എൻട്രി ലെവൽ വേരിയൻ്റിന് ഏകദേശം 19 ലക്ഷം രൂപ ചിലവ് കണക്കാക്കുന്നു, അതേസമയം ടോപ്പ് എൻഡ് ട്രിമ്മിന് 20 ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കും എക്സ്-ഷോറൂം വില.