'കഴിക്കരുത്, മതപരമായ ചടങ്ങുകള്‍ക്ക് മാത്രം'; ന്യൂജേഴ്സിയിൽ ചാണകവരളിക്ക് വില 215 രൂപ
സമർ ഹലാങ്കർ എന്നയാളാണ് ന്യൂജേഴ്സിയിലെ കടയിൽ ചാണകവരളി വിൽപ്പനയ്ക്ക് വച്ചതിന്റെ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.
വാഷിങ്ടൺ: ഇന്ത്യയുടെ തനതായ നിരവധി ഉത്പന്നങ്ങൾ വിദേശരാജ്യങ്ങളിലെ കമ്പോളങ്ങളിൽ വിൽപ്പനയ്ക്ക് വയ്ക്കാറുണ്ട്. ഉത്തരേന്ത്യയിൽനിന്നുള്ള മധുരപലഹാരങ്ങളും തേങ്ങാവിഭവങ്ങളുമൊക്കെ അതിൽ പ്രധാനമാണ്. എന്നാൽ, ചാണകവരളി വിൽപ്പനയ്ക്ക് വച്ച് വ്യത്യസ്തമാകുകയാണ് ന്യൂജേഴ്സിയിലെ ഒരുകട. ഏറ്റവും കുറഞ്ഞ ചെലവിൽ ഇന്ത്യയിലെ ഗ്രാമങ്ങളിൽ തയ്യാറാക്കുന്ന ചാണകവരളിയ്ക്ക് 215 രൂപയാണ് കടയിലെ വില. ഈഇടയ്ക്ക് ആമസോണിൽ 1400 രൂപയ്ക്ക് ചിരട്ട വിൽപ്പനയ്ക്ക് വച്ചത് വലിയ വാർത്തയായിരുന്നു.
സമർ ഹലാങ്കർ എന്നയാളാണ് ന്യൂജേഴ്സിയിലെ കടയിൽ ചാണകവരളി വിൽപ്പനയ്ക്ക് വച്ചതിന്റെ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. ''തന്റെ കസിനാണ് ചാണകവരളിയുടെ ചിത്രങ്ങൾ അയച്ചുതന്നത്. എഡിസണിലെ ഒു കടയിലാണ് ചാണകവരളി വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. 2.99 ഡോളർ (215 രൂപ)യാണ് വില. അപ്പോൾ എന്റെ ചോദ്യമിതാണ്: ഇന്ത്യയിലെ പശുവിന്റെ ചാണകം കയറ്റി അയച്ചാണോ അതോ യാങ്കി പശുക്കളുടെ ചാണകം ഉപയോഗിച്ചാണോ ഈ ചാണകവരളി ഉണ്ടാക്കിയിരിക്കുക?'' എന്ന അടിക്കുറിപ്പോടെയാണ് സമർ ചിത്രം പങ്കുവച്ചിരിക്കുന്നത്.
'ഭക്ഷ്യയോഗ്യമല്ല, മതപരമായ ചടങ്ങുകൾക്ക് മാത്രം' എന്ന ലേബലോടുകൂടിയാണ് ചാണകവരളി പാക്ക് ചെയ്തിരിക്കുന്നത്. ഒരു പാക്കറ്റിൽ പത്ത് ചാണകവരളിയാണുണ്ടാകുക. ചാണകവരളി വിൽപ്പനയ്ക്ക് വച്ചിരിക്കുന്നുവെന്ന അമ്പരപ്പിനൊപ്പം ഉത്പന്നത്തിന്റെ പരസ്യവാചകം കണ്ട് ചിരിക്കുകയാണ് സോഷ്യൽമീഡിയ. 'ചാണകവരളി കുക്കീസ് എന്ന് പറഞ്ഞ് യുഎസ്സിൽ വിൽക്കുന്നതായിരിക്കും നല്ലത്', 'ഇന്ത്യയുടെ ഉത്പന്നം' തുടങ്ങി അടിക്കുറിപ്പോടെ ആളുകള്‍ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്നുമുണ്ട്.