നഗരഹൃദയത്തിലെ സൈനിക കേന്ദ്രം പിടിച്ചെടുത്ത് ആയുധധാരികൾ, ബൊളീവിയയിൽ സൈനികരെ ബന്ദികളാക്കി
പ്രസിഡന്റിനെതിരായ മനുഷ്യക്കടത്തും ബലാത്സംഗ അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 19 ദിവസത്തിലേറെയായി വിമതർ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് സൈനികരെ ബന്ദിയാക്കിയത്
ലാ പാസ്: നഗരമധ്യത്തിലുള്ള സൈനിക കേന്ദ്രത്തിൽ അതിക്രമിച്ച് കയറിയ ആയുധധാരികൾ സൈനികരെ തട്ടിക്കൊണ്ടുപോയി. പിന്നാലെ തന്ന് സൈനിക കേന്ദ്രത്തിന്റെ നിയന്ത്രണവും ആയുധധാരികൾ പിടിച്ചെടുത്തു. ബൊളീവിയയിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മുൻ പ്രസിഡന്റിനെ പിന്തുണയ്ക്കുന്ന വിമതരും പൊലീസും തമ്മിൽ സംഘർഷം ശക്തമാവുന്നതിന് ഇടയിലാണ് സൈനിക ഔട്ട്പോസ്റ്റ് ആയുധധാരികൾ പിടിച്ചെടുത്ത് സൈനികരെ ബന്ദികളാക്കിയത്.
ആഴ്ചകളായി മുൻ പ്രസിഡന്റ് ഇവോ മോറാൽസ് അനുകൂലികളും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ ശക്തമാണ്. ഔട്ട് പോസ്റ്റിൽ നിന്ന് ആയുധങ്ങളും അക്രമികൾ പിടിച്ചെടുത്തതായാണ് സൈന്യം വിശദമാക്കുന്നത്. ഇവരോട് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടതായും ചെയ്യുന്നത് രാജ്യദ്രോഹമാണെന്നും ആശയ വിനിമയം നടത്തിയതായാണ് ബൊളീവിയൻ സൈന്യം വിശദമാക്കുന്നത്. സൈനികരെ ബന്ദികളാക്കിയുള്ള ചിത്രങ്ങൾ ഇതിനോടകം വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. പ്രാദേശിക ടിവികളിലും ഈ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ബൊളീവിയയിലെ സുപ്രധാന നഗരമായ കൊച്ചബാംബയിലാണ് വിമതരുടെ അതിക്രമം.
മുൻ പ്രസിഡന്റിന്റെ വസതിയുള്ള നഗരം കൂടിയാണ് ഇവിടം. സൈനികരെ ബന്ദികളാക്കിയ മേഖലയിലേക്ക് എത്താനുള്ള സൈന്യത്തിന്റെ ശ്രമം അവസാനിപ്പിക്കണമെന്ന് വിശദമാക്കിയാണ് വിമത സൈനികരുടെ വീഡിയോ പുറത്ത് വിട്ടിട്ടുള്ളത്. വിമതർ സൈനിക കേന്ദ്രം പിടിച്ചതോടെ പരിസരത്ത് നിന്ന് ആളുകളേയും കുടുംബങ്ങളേയും സൈന്യം ഒഴിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 19 ദിവസത്തോളമായി രാജ്യത്ത് വിമതർ പ്രതിഷേധത്തിലാണ്. പ്രധാന പാതകളെല്ലാം തന്നെ ഇവർ ബാരിക്കേഡുകൾ വച്ച തടഞ്ഞ നിലയിലാണ് ഉള്ളത്. പ്രസിഡന്റിനെതിരായ മനുഷ്യക്കടത്തും ബലാത്സംഗ അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. രാജ്യത്തിന്റെ പല ഭാഗത്തുമുള്ള റോഡുകളും പ്രതിഷേധക്കാർ തടഞ്ഞത് പൊലീസ് നീക്കാനുള്ള നടപടി പുരോഗമിക്കുന്നതിനിടയിലാണ് പുതിയ സംഭവം.
കഴിഞ്ഞ ഞായറാഴ്ച തന്റെ കാറിന് നേരെ വെടിയുതിർക്കപ്പെടുന്ന വീഡിയോ ഇവോ മോറാൽസ് പുറത്ത് വിട്ടിരുന്നു. കൊലപാതക ശ്രമം എന്ന് വിശദമാക്കിയാണ് വീഡിയോ പുറത്ത് വിട്ടത്. 2006 മുതൽ 2019വരെ ബൊളീവീയയുടെ പ്രസിഡന്റായിരുന്നു ഇവോ മോറാൽസ്. 2019ൽ തെരഞ്ഞെടുപ്പ് വിജയിയായി പ്രഖ്യാപിച്ചെങ്കിലും അട്ടിമറി ആരോപണം ഉയർന്നതോടെ രാജി വയ്ക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം