'സ്ത്രീധനം ചോദിച്ച് ഉപദ്രവിച്ചു, സ്വത്ത് വിറ്റ് പണം നൽകിയിട്ടും മർദനം'; യുകെയിൽ കൊല്ലപ്പെട്ട യുവതിയുടെ കുടുംബം

വിവാഹ സമയത്ത്  സ്വർണവും പണവും നൽകിയെങ്കിലും പങ്കജ് തൃപ്തനായിരുന്നില്ലെന്നും നിരന്തരം സ്ത്രീധനം ആവശ്യപ്പെട്ടെന്നും ഹർഷിതയുടെ സഹോദരി സോണിയ

husband beaten harshita for dowry sister of indian woman who was killed in UK

ദില്ലി: യുകെയിൽ ഇന്ത്യക്കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. കൊല്ലപ്പെട്ട 24കാരിയായ ഹർഷിത ബ്രെല്ലയുടെ സഹോദരിയാണ് പ്രതികരിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് ഹർഷിതയെ ഭർത്താവ് പങ്കജ് ലാംബ നിരന്തരം ഉപദ്രവിച്ചെന്നാണ് പരാതി.  ഹർഷിതയുടെ മൃതദേഹം, താമസിക്കുന്ന സ്ഥലത്തുനിന്ന് 145 കിലോമീറ്റർ അകലെ കാറിന്‍റെ ഡിക്കിയിലാണ് കണ്ടെത്തിയത്. പിന്നാലെ പങ്കജിനെ കാണാനില്ല. 

മാർച്ച് 22 നായിരുന്നു ഹർഷിതയും പങ്കജും തമ്മിലെ വിവാഹം. വിവാഹ സമയത്ത്  സ്വർണവും പണവും നൽകിയെങ്കിലും പങ്കജ് തൃപ്തനായിരുന്നില്ലെന്നും നിരന്തരം സ്ത്രീധനം ആവശ്യപ്പെട്ടെന്നും സഹോദരി സോണിയ ബ്രെല്ല പറയുന്നു. സ്ത്രീധനത്തിന്‍റെ പേരിൽ പങ്കജ് ഹർഷിതയെ മർദിക്കാറുണ്ടായിരുന്നുവെന്ന് പിതാവ് സാബിർ ബ്രെല്ലയും പറഞ്ഞു. വഴക്ക് പതിവായതോടെ ഹർഷിത വേറെ താമസിക്കാനും ഗോഡൗണിൽ ജോലി ചെയ്യാനും തുടങ്ങി. അപ്പോഴും ഹർഷിതയുടെ ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത് പങ്കജായിരുന്നു. എപ്പോഴെങ്കിലും എല്ലാം ശരിയാകുമെന്ന പ്രതീക്ഷയോടെ ഹർഷിത പങ്കജിന് പണം നൽകിക്കൊണ്ടിരുന്നുവെന്നും കുടുംബം പറഞ്ഞു.

പിന്നീട് സ്വത്ത് വിറ്റ് പങ്കജിന്‍റെ കുടുംബത്തിന് പണം നൽകിയെന്ന് സഹോദരി പറഞ്ഞു.  നവംബർ 10 നാണ് ഹർഷിതയുമായി അവസാനം സംസാരിച്ചതെന്ന് സഹോദരി പറഞ്ഞു. അത്താഴത്തിന് വരുന്ന പങ്കജിനായി ഭക്ഷണം തയ്യാറാക്കുകയാണെന്നാണ് പറഞ്ഞത്. പിന്നെ ഹർഷിതയെ ഫോണിൽ ലഭിച്ചില്ല. രണ്ട് ദിവസമായി ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നതിനാൽ പൊലീസിനെ ബന്ധപ്പെട്ടു. 

നോർത്താംപ്ടൺഷെയർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹർഷിത കൊല്ലപ്പെട്ടത് നവംബർ 10നാണെന്ന് കണ്ടെത്തി. അന്ന് രാത്രി കോർബിയിലെ ബോട്ടിംഗ് തടാകത്തിന് സമീപം ഹർഷിത ഭർത്താവിനൊപ്പം നടക്കുന്നത് കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. താമസ സ്ഥലത്ത് നിന്ന് ഏകദേശം 145 കിലോമീറ്റർ അകലെ ഇൽഫോർഡിലെ ബ്രിസ്ബെയ്ൻ റോഡിൽ കാറിന്‍റെ ഡിക്കിയിൽ മൃതദേഹം കണ്ടെത്തിയത്  നവംബർ 14 നാണ്. പങ്കജ് ഹർഷിതയെ കൊലപ്പെടുത്തി കാറിൽ മൃതദേഹം ഒളിപ്പിച്ചെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. 

ഹർഷിതയെ കൊലപ്പെടുത്തിയ ശേഷം പങ്കജ് ഇന്ത്യയിൽ തിരിച്ചെത്തിയെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്. ലണ്ടൻ പൊലീസിനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പങ്കജിനും മാതാപിതാക്കൾക്കും എതിരെ സ്ത്രീധന പീഡന പരാതി ദില്ലിയിലെ സ്റ്റേഷനിൽ നൽകിയിട്ടുണ്ടെന്നും സഹോദരി പറഞ്ഞു.

ഹർഷിത അവസാനം സംസാരിച്ചത് 10 ദിവസം മുൻപ്, മൃതദേഹം 145 കിമീ അകലെ കാറിന്‍റെ ഡിക്കിയിൽ; ഭർത്താവിനെ തേടി പൊലീസ് 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios