കപ്പൽ തകർന്നു, ഒപ്പമുള്ളവരെ കാണാതായി,ഭക്ഷണവും വെള്ളവുമില്ല, നടുക്കടലിൽ 3 ദിവസം ഒഴുകിനടന്ന 11കാരിക്ക് പുതുജീവൻ
ടുണീഷ്യയിൽ നിന്ന് 45 അഭയാർത്ഥികളുമായി പുറപ്പെട്ട കപ്പൽ തകർന്ന് 3 ദിവസം നടുക്കടലിൽ ഒഴുകി നടന്ന 11 കാരിയ്ക്ക് അത്ഭുത രക്ഷ
ലാംപെഡൂസ: അഭയാർത്ഥികളുമായി പുറപ്പെട്ട കപ്പൽ തകർന്ന് മൂന്ന് ദിവസം കടലിൽ ഒഴുകി നടന്ന 11 കാരിക്ക് പുതുജീവിതം. ഇറ്റലിയിലെ ലാംപെഡൂസ ദ്വീപിന് സമീപത്ത് നിന്നാണ് ദിവസങ്ങളായി കടലിൽ ഒഴുകി നടന്ന പെൺകുട്ടിയെ സന്നദ്ധ പ്രവർത്തകർ രക്ഷിച്ചത്. ടുണീഷ്യയിൽ നിന്ന് 45 അഭയാർത്ഥികളുമായി പുറപ്പെട്ട കപ്പൽ തകർന്ന് ശേഷിച്ചവർ മരിച്ചതായാണ് വിവരം.
കോംപസ് കളക്ടീവ് എന്ന ജർമൻ സന്നദ്ധ സംഘടനാ പ്രവർത്തകരാണ് പെൺകുട്ടിയെ രക്ഷിച്ചത്. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെ മറ്റൊരു രക്ഷാപ്രവർത്തനത്തിനായി പോയ സന്നദ്ധപ്രവർത്തകർ കടലിൽ ഒഴുകി നടന്ന പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. എൻജൻ പ്രവർത്തിക്കുന്നതിനിടയിലും പെൺകുട്ടിയുടെ നിലവിളി കേൾക്കാനായതാണ് രക്ഷാപ്രവർത്തനത്തിൽ നിർണായകമായത്. ടുണീഷ്യയിലെ സ്ഫാക്സിൽ നിന്ന് യാത്ര പുറപ്പെട്ടതായിരുന്നു പെൺകുട്ടി അടക്കമുള്ള അഭയാർത്ഥികളുടെ സംഘം. മെഡിറ്ററേനിയൻ കടലിൽ വച്ച് കാറ്റിലും കോളിലും പെട്ടാണ് കപ്പൽ തകർന്നത്. ലൈഫ് ജാക്കറ്റും ടയർട്യൂബുകളുമാണ് സിയറ ലിയോൺകാരിയായ കുട്ടിക്ക് രക്ഷയായത്.
കൊടും തണുപ്പിൽ വെള്ളവും ഭക്ഷണവും ഇല്ലാതെ കടലിൽ കഴിഞ്ഞതിന്റെ ബുദ്ധിമുട്ടുകളുണ്ടെങ്കിലും 11കാരിയുടെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്നാണ് രക്ഷാപ്രവർത്തകർ വിശദമാക്കുന്നത്. ഇവർ സഞ്ചരിച്ചിരുന്ന ബോട്ടിലെ യാത്രക്കാരുമായി ഒരു ദിവസം മുൻപ് വരെ സംസാരത്തിലൂടെ ബന്ധപ്പെടാൻ സാധിച്ചിരുന്നുവെന്നാണ് പെൺകുട്ടി രക്ഷാപ്രവർത്തകരോട് വിശദമാക്കിയിട്ടുള്ളത്.
യൂറോപ്പിലേക്കുള്ള അഭയാർത്ഥി പ്രവാഹം വർധിക്കുന്നതിനിടെ കടൽകടക്കാൻ ശ്രമിച്ച് അപകടത്തിൽപ്പെടുന്നവരുടെ എണ്ണവും ഏറെയാണ്. അന്താരാഷ്ട്ര കുടിയേറ്റ അസോസിയേഷൻ ലഭ്യമാക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുടിയേറ്റക്കാർ യൂറോപ്പിലേക്ക് എത്താനായി ഉപയോഗിക്കുന്ന ഏറ്റവും അപകടകരമായ പാതയാണ് ടുണീഷ്യ, ലിബിയ, ഇറ്റലി, മാൾട്ട എന്നിവിടങ്ങളിൽ നിന്ന് കടൽവഴിയുമള്ളത്. 2014ന് ശേഷം മാത്രം 24300ലധികം പേരെയാണ് ഈ കടൽപാതയിൽ അനധികൃത കുടിയേറ്റ യാത്രയ്ക്കിടെ കാണാതായിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം