'ചെലവിന് മാസം 6.16 ലക്ഷം രൂപ വേണം'; മുന്‍ ഭര്‍ത്താവില്‍നിന്ന് വന്‍തുക ജീവനാംശം ചോദിച്ച യുവതിയോട് കോടതി പറഞ്ഞത്
ഇത്രയും പണം വേണമെങ്കില്‍ സ്വയം സമ്പാദിച്ചുകൂടെയെന്ന് വനിതാ ജഡ്ജി ചോദിച്ചു. ന്യായമായ തുക ആവശ്യപ്പെടണമെന്നും അല്ലെങ്കില്‍ ഹര്‍ജി തള്ളുമെന്നും ജഡ്ജി യുവതിയുടെ അഭിഭാഷകനോട് പറഞ്ഞു.
ബെംഗളൂരു: മുന്‍ഭര്‍ത്താവില്‍ നിന്നും പ്രതിമാസം 6,16,300 രൂപ ജീവനാംശം വേണമെന്നാവശ്യപ്പെട്ട യുവതിക്ക് കോടതിയുടെ വിമര്‍ശനം. കര്‍ണാടക ഹൈക്കോടതിയാണ് യുവതിയെ രൂക്ഷമായി വിമര്‍ശിച്ചത്. കേസിന്‍റെ വാദം കര്‍ണാടക ഹൈക്കോടതിയില്‍ നടക്കുന്നതിനിടെയാണ് സംഭവം. രാധ മുനുകുന്ത്ല എന്ന യുവതിയാണ് ഭര്‍ത്താവ് എം. നരസിംഹയില്‍ നിന്ന് ആറ് ലക്ഷം രൂപയിലേറെ പ്രതിമാസം ചെലവിന് വേണമെന്ന് ആവശ്യപ്പെട്ടത്. വിലപിടിപ്പുള്ള വസ്ത്രങ്ങൾ, ഭക്ഷണത്തിന് ആവശ്യമായ പണം, മരുന്നുകൾ, ബ്രാൻഡഡ് വസ്ത്രങ്ങൾ, പുറത്തു നിന്നും ഭക്ഷണം കഴിക്കൽ തുടങ്ങിയ ആവശ്യങ്ങളുടെ പട്ടിക യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ നല്‍കി.
എന്നാല്‍, യുവതിയുടെ ആവശ്യങ്ങള്‍ വളരെ കൂടുതലാണെന്ന് പറഞ്ഞ കോടതി, കുട്ടികളെ നോക്കാനുള്ള ഉത്തരവാദിത്തം ഭർത്താവിനുണ്ടെന്ന് പറഞ്ഞു. മുട്ടുവേദനക്കുള്ള ഫിസിയോതെറാപ്പിക്കായി 4-5 ലക്ഷം വേണമെന്നും യുവതി ആവശ്യപ്പെട്ടു. ഷൂസിനും വസ്ത്രങ്ങള്‍ക്കുമായി 15000 രൂപ, ഭക്ഷണച്ചെലവിനായി 60000 രൂപ എന്നിങ്ങനെയാണ് ആവശ്യപ്പെട്ടത്.
ഇത്രയും പണം വേണമെങ്കില്‍ സ്വയം സമ്പാദിച്ചുകൂടെയെന്ന് വനിതാ ജഡ്ജി ചോദിച്ചു. ന്യായമായ തുക ആവശ്യപ്പെടണമെന്നും അല്ലെങ്കില്‍ ഹര്‍ജി തള്ളുമെന്നും ജഡ്ജി യുവതിയുടെ അഭിഭാഷകനോട് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറില്‍ ബെംഗളൂരു കുടുംബ കോടതി അഡീഷണല്‍ പ്രിന്‍സിപ്പല്‍ ജഡ്ജ് രാധക്ക് ഭര്‍ത്താവില്‍ നിന്നും 50,000 രൂപ ജീവനാംശം അനുവദിച്ചിരുന്നു. ഈ തുക വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.കോടതി നടപടികളുടെ വീഡിയോ വൈറലായി.