അഴിമതി വിരുദ്ധ നിയമം ലംഘിച്ചതിന് അദാനിക്കും മരുമകനും എംഡിക്കുമെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്ന് വിശദീകരണം
സൗരോർജ്ജ പദ്ധതികൾക്ക് കരാർ കിട്ടാൻ ഇന്ത്യയിൽ അദാനി ഗ്രൂപ്പ് കൈക്കൂലി നൽകിയതിന് യുഎസിൽ കുറ്റപത്രം സമർപ്പിച്ചുവെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.
ദില്ലി: അദാനി ഗ്രൂപ്പിൻ്റെ ചെയർമാൻ ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി, കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ വിനീത് ജെയിൻ എന്നിവർക്കെതിരെ യുഎസ് ഫോറിൻ കറപ്റ്റ് പ്രാക്ടീസ് ആക്ട് (എഫ്‌സിപിഎ) കേസ് ചുമത്തിയിട്ടില്ലെന്ന് അദാനി ഗ്രീൻ എനർജി (എജിഎൽ) അറിയിച്ചു. അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി എജിഎല്ലിന്റെ ചെയർമാനും സാഗർ അദാനി എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ്. യുഎസ് എഫ്‌സിപിഎയുടെ ലംഘനത്തിന് മൂവർക്കും എതിരെ കുറ്റം ചുമത്തിയതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് വിശദീകരണം. അദാനി ഗ്രൂപ്പിനെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ റോത്തഗിയും സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തി.
ഗൗതം അദാനിക്കും സാഗർ അദാനിക്കും എതിരെ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗൗതം അദാനി, സാഗർ അദാനി, വിനീത് ജെയിൻ എന്നിവർക്കെതിരെ യുഎസ് ഡിഒജെയുടെ കുറ്റപത്രത്തിലോ യുഎസ് എസ്ഇസിയുടെ സിവിൽ പരാതിയിലോ പറഞ്ഞിരിക്കുന്ന കണക്കുകളിൽ എഫ്‌സിപിഎയുടെ ലംഘനത്തിന് കുറ്റം ചുമത്തിയിട്ടില്ലെന്ന് എജിഎൽ ബുധനാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചു. ബിസിനസ് നേടുന്നതിനോ നിലനിർത്തുന്നതിനോ വിദേശ ഉദ്യോഗസ്ഥന് നേരിട്ടോ അല്ലാതെയോ വാഗ്ദാനമോ പണമോ പദവിയോെ നൽകുന്നത് യുഎസ് എഫ്സിപിഎ പ്രകാരം അഴിമതിയായാണ് കണക്കാകുക.
Read More... അദാനിയെ കൈവിട്ട് ആന്ധ്രപ്രദേശ് സര്‍ക്കാര്‍, എല്ലാ ഊർജവിതരണ കരാറുകളും റദ്ദാക്കാന്‍ നീക്കം തുടങ്ങി
സൗരോർജ്ജ പദ്ധതികൾക്ക് കരാർ കിട്ടാൻ ഇന്ത്യയിൽ അദാനി ഗ്രൂപ്പ് കൈക്കൂലി നൽകിയതിന് യുഎസിൽ കുറ്റപത്രം സമർപ്പിച്ചുവെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. 1750 കോടി രൂപ ജഗൻമോഹൻ റെഡ്ഡിയുടെ കാലത്ത് അദാനി ആന്ധ്രപ്രദേശിൽ കൈക്കൂലി നൽകിയെന്നാണ് അമേരിക്കൻ അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്.