സംഭൽ സംഘർഷം: ​ഗാസിയാബാദിൽ വെച്ച് ലീഗ് എംപിമാരെ തടഞ്ഞ് യുപി പൊലീസ്, മടങ്ങി എംപിമാർ

സന്ദർശിക്കാൻ അനുമതി നൽകില്ലെന്നും മ‍ങ്ങിപ്പോകണമെന്നും പൊലീസ് അറിയിച്ചു. ഇടി മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, അഡ്വ. ഹാരിസ് ബീരാൻ, നവാസ് ഖനി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
 

Sambhal conflict: Uthar pradesh police stop League MPs in Ghaziabad, MPs return

ദില്ലി: ഉത്തർപ്രദേശിലെ സംഭലിലുണ്ടായ സംഘർഷത്തെ തുടർന്ന് സംഭലിലേക്ക് തിരിച്ച മുസ്ലിംലീ​ഗ് എംപിമാരെ തടഞ്ഞ് യുപി പൊലീസ്. ​ഗാസിയാബാദ് എത്തിയപ്പോഴാണ് എംപിമാരെ തടഞ്ഞത്. 5 എംപിമാരടങ്ങിയ 2 വാഹനങ്ങളാണ് പൊലീസ് തടഞ്ഞത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരുന്നത്. സംഭൽ സന്ദർശിക്കാൻ അനുമതി നൽകില്ലെന്നും മ‍ങ്ങിപ്പോകണമെന്നും പൊലീസ് ലീഗ് എംപിമാരോട് പറയുകയായിരുന്നു. തുടർന്ന് സംഘർഷ സാധ്യത കണക്കിലെടുത്ത് ഇടി മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, അഡ്വ. ഹാരിസ് ബീരാൻ, പിവി അബ്ദുൽ വഹാബ്, നവാസ് ഖനി തുടങ്ങിയ ലീഗ് എംപിമാർ സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്നു. 

സന്ദർശനത്തിന് പൊലീസ് അനുമതി നൽകിയില്ലെന്ന് ഇടി മുഹമ്മദ് ബഷീർ പറഞ്ഞു. അവിടെ സംഘർഷം ഉണ്ടാക്കാനല്ല പോവുന്നത്. സംഭലിലേക്ക് പോകാനുള്ള ശ്രമം തുടരുമെന്നും ഇടി മുഹമ്മദ് ബഷീർ എംപി പ്രതികരിച്ചു. നിയന്ത്രണം കുറഞ്ഞ ശേഷം വീണ്ടും വരുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ച മുസ്ലിം ലീഗ് എംപിമാർ സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്നു. 

കോടതി ഉത്തരവിനെ തുടർന്ന് ഷാഹി ജമാ മസ്ജിദിൽ സർവേ നടത്താൻ എത്തിയ അഭിഭാഷക കമ്മീഷനും പൊലീസിനും നേരെ ഒരുകൂട്ടമാളുകൾ കല്ലെറിഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാർ ചില വാഹനങ്ങൾക്കും തീയിട്ടു. തുടർന്ന് പൊലീസ് ലാത്തിചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോ​ഗിക്കുകയും ചെയ്തു. പൊലീസ് വെടിവെപ്പിൽ 4 പേർ മരിച്ചതായാണ് റിപ്പോർട്ട്. അതേസമയം, സംഘർഷത്തിനിടെ അഭിഭാഷക കമ്മീഷൻ സർവേ നടപടികൾ പൂർത്തിയാക്കി. മു​ഗൾ ഭരണകാലത്ത് ക്ഷേത്രം തകർത്താണ് ഷാഹി ജമാ മസ്ജിദ് സ്ഥാപിച്ചത് എന്നവകാശപ്പെട്ട് ഒരു അഭിഭാഷകൻ നൽകിയ ഹർജിയിലാണ് സംബാൽ ജില്ലാ കോടതി സർവേ നടത്താൻ ഉത്തരവിട്ടത്.

Title Date Actions ക്ഷേമ പെൻഷൻ തട്ടിച്ച് സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയത് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കം 1458 ജീവനക്കാർ

 

Latest Videos
Follow Us:
Download App:
  • android
  • ios