തിരക്കിട്ട ചർച്ചകൾക്കായി ഉദ്ദവ് താക്കറെ ദില്ലിയിൽ, മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമോ? എംവിഎയിൽ ചർച്ച
മല്ലികാർജുൻ ഖർഗേയുടെ വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി എന്നിവർ പങ്കെടുത്തു
ദില്ലി: മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഒരുക്കത്തിന്‍റെ ഭാഗമായി ശിവസേന യു ടി ബി വിഭാഗം നേതാവ് ഉദ്ദവ് താക്കറേ ദില്ലിയിലെത്തി. മകൻ ആദിത്യ താക്കറെക്കൊപ്പം ദില്ലിയിലെത്തി ഉദ്ദവ് കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മല്ലികാർജുൻ ഖർഗേയുടെ വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി എന്നിവർ പങ്കെടുത്തു.
എൻ സി പി നേതാവ് ശരദ് പവാറുമായും ഉദ്ദവ് താക്കറെ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് ദില്ലിയിലെത്തിയതെന്നും ചർച്ചകൾ നടത്തിയതെന്നും ഉദ്ദവ് വിഭാഗം നേതാക്കൾ പ്രതികരിച്ചു. മഹാവികാസ് അഖാഡി സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉദ്ദവ് വരുമെന്ന നിലയിലുള്ള അഭ്യൂഹങ്ങൾക്കിടെയാണ് കൂടിക്കാഴ്ചകൾ. നേരത്തെ ഉദ്ദവിന്‍റെ നേതൃത്വത്തിലുള്ള ശിവസേന - കോൺഗ്രസ് - എൻ സി പി സഖ്യമായ മഹാവികാസ് അഖാഡിയെ വീഴ്ത്തിയാണ് ശിവസേനയെ പിളർത്തി ഏക്നാഥ് ഷിൻഡെയും ബി ജെ പിയും ചേർന്ന് മഹാരാഷ്ട്രയിൽ എൻ ഡി എ സർക്കാരുണ്ടാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം