'ഇനി കാലിൽ ആയിരിക്കില്ല, നെഞ്ചത്ത് വെടിവെയ്ക്കും' മോഷണ കേസിലെ പ്രതിയുമായി എസ്.പിയുടെ സംസാരം സോഷ്യൽ മീഡിയിൽ
പൊലീസുമായി നടത്തിയ ഏറ്റവുമുട്ടലിൽ കാലിൽ വെടിയേറ്റ നിലയിലാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കുമ്പോഴായിരുന്നു എസ്.പിയുടെ സന്ദർശനം.
ലക്നൗ: മോഷണ കേസിൽ പിടിയിലായ പ്രതിയുമായി ഒരു ജില്ലാ പൊലീസ് മേധാവി നടത്തുന്ന സംസാരത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുകയാണ്. ഉത്തർപ്രദേശിലെ സാംബാളിൽ നിന്നുള്ളതാണ് ഈ കാഴ്ച. പൊലീസുമായുള്ള ഏറ്റമുട്ടലിനൊടുവിൽ കാലിൽ വെടിയേറ്റ പരിക്കുമായി പിടിയിലായ ശൗകീൻ എന്നയാളും പൊലീസ് സൂപ്രണ്ട് കൃഷ്ണ കുമാർ വിഷ്‍ണോയും തമ്മിലുള്ള സംസാരമാണ് വീഡിയോയിലുള്ളത്.
ഏതാനും ആഴ്ചകൾ മുമ്പ് സാംബാളിലെ ഒരു ക്ഷേത്രത്തിൽ കയറി മോഷണം നടത്തിയ സംഘത്തിലെ അംഗമായിരുന്നു ശൗകീൻ. ദിവസങ്ങൾക്ക് മുമ്പ് ഇയാളും സംഘത്തിലെ മറ്റൊരാളും പൊലീസിന്റെ മുന്നിൽപ്പെട്ടു. പിടിക്കപ്പെടുമെന്നായപ്പോൾ ഇവർ പൊലീസുകാർക്ക് നേരെ വെടിവെച്ചു. പൊലീസും തിരിച്ച് വെടിവെച്ചു. ശൗകീന്റെ കാലിൽ വെടിയുണ്ട തറച്ചുകയറി. ഏറ്റമുട്ടലിനൊടുവിൽ ശൗകീനെ ഉപേക്ഷിച്ച് സുഹൃത്ത് രക്ഷപ്പെട്ടു എന്നാണ് പൊലീസ് അറിയിച്ചത്.
പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശൗകീനെ സന്ദർശിക്കുകയാണ് ജില്ലാ പൊലീസ് മേധാവി കൃഷ്ണ കുമാർ വിഷ്ണോയി. പൊലീസ് തന്നെയാണ് ഇരുവരും തമ്മിലുള്ള സംസാരത്തിന്റെ വീഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടത്. സ്ട്രച്ചറിൽ കിടക്കുന്ന പ്രതിയോട് ആരോഗ്യ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഇയാളെ എസ്.പി ചോദ്യം ചെയ്യുന്നുണ്ട്. ഇതിനിടെ ചെവിയിൽ പിടിച്ച് ഇയാൾ മാപ്പ് പറയുന്നതും കാണാം.
ഇനി മോഷണം നടത്തിയാൽ വെടി വെയ്ക്കുന്നത് കാലിൽ ആയിരിക്കില്ല, നെഞ്ചിൽ തന്നെയായിരിക്കും എന്നും എസ്.പി പറയുന്നു. ഇത് പറഞ്ഞ ശേഷം എവിടെയായിരിക്കും വെടിയേൽക്കുക എന്ന് എസ്.പി പ്രതിയോട് തിരിച്ച് ചോദിക്കുന്നതും, എന്റെ നെഞ്ചിൽ വെടി കൊള്ളും എന്ന് പ്രതി മറുപടി പറയുന്നതും കാണാം. ഒരു ഡസനിലധികം ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ കാര്യം ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി എസ്.പി പിന്നീട് പറഞ്ഞു. പല തവണ ജയിലിലും കിടന്നിട്ടുണ്ട്. ക്ഷേത്രങ്ങൾ മാത്രമാണ് താൻ ലക്ഷ്യമിട്ടിരുന്നതെന്നും ഇയാൾ പറഞ്ഞു. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട കൂട്ടുപ്രതിയെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം