കേരളത്തിൻ്റെ ഹൃദയത്തിൽ തൊടുന്ന നന്ദി അറിയിച്ച് സ്റ്റാലിൻ, 'തമിഴ്നാടിൻ്റെ ഹൃദയത്തിൽ തൊട്ട കരുതലെ'ന്ന് പ്രതികരണം
തമിഴ്നാടിന്‍റെ ഹൃദയത്തിൽ തൊട്ട കരുതലെന്നാണ് കേരളത്തിന്‍റെ പിന്തുണയെ മുഖ്യമന്ത്രി സ്റ്റാലിൻ വിശേഷിപ്പിച്ചത്
ചെന്നൈ: മിഗ്ജൗമ് ചുഴലിക്കാറ്റിലും കനത്ത മഴയിലും ദുരിതത്തിലായ തമിഴ് നാടിന് സഹായഹസ്തം നീട്ടിയ കേരളത്തിന് നന്ദി അറിയിച്ച് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ്നാട്ടിലെ മഴക്കെടുതിയിൽ കേരളത്തിന്‍റെ പിന്തുണ അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയനോടാണ് സ്റ്റാലിൻ നന്ദി അറിയിച്ചത്. തമിഴ്നാടിന്‍റെ ഹൃദയത്തിൽ തൊട്ട കരുതലെന്നാണ് കേരളത്തിന്‍റെ പിന്തുണയെ മുഖ്യമന്ത്രി സ്റ്റാലിൻ വിശേഷിപ്പിച്ചത്.
കേരളത്തിന്‍റെ പിന്തുണ
അതിരൂക്ഷമായ പ്രകൃതിക്ഷോഭത്തെ നേരിടുന്ന തമിഴ് നാടിന് സംസ്ഥാനത്തിന്റെ സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയത്. 'തമിഴ് സഹോദരങ്ങളെ നമ്മള്‍ ചേര്‍ത്തു നിര്‍ത്തേണ്ടതുണ്ട്'. ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കാന്‍ എല്ലാവരും മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കണമെന്നടക്കം മുഖ്യമന്ത്രി പിണറായി അഭ്യര്‍ത്ഥിച്ചിരുന്നു.
''അതിരൂക്ഷമായ പ്രകൃതി ക്ഷോഭത്തെ നേരിടുകയാണ് ചെന്നൈ നഗരം. ജീവാപായം ഉള്‍പ്പെടെയുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നു. ഈ കെടുതിയില്‍ തമിഴ് സഹോദരങ്ങളെ നമ്മള്‍ ചേര്‍ത്തു നിര്‍ത്തേണ്ടതുണ്ട്. തമിഴ്‌നാട്ടില്‍ ഇതിനകം 5000-ല്‍ അധികം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു കഴിഞ്ഞു. ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള പരമാവധി സഹായങ്ങള്‍ എത്തിച്ചു നല്‍കാന്‍ എല്ലാവരും മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ ദുരന്തത്തെ മറികടന്നു മുന്നോട്ടു പോകാന്‍ തമിഴ്‌നാടിനൊപ്പം നില്‍ക്കാം. കേരളത്തിന്റെ സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ട്.''- മുഖ്യമന്ത്രി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം മിഗ്ജാമ് ചുഴലിക്കാറ്റിനെതുടര്‍ന്ന് ചെന്നൈയിലുണ്ടായ അതിശക്തമായ മഴയ്ക്ക് ഇന്ന് നേരിയ ശമനമുണ്ടായിട്ടുണ്ട്. നഗരത്തിൽ വെള്ളക്കെട്ട് തുടരുകയാണ്. മഴ കുറഞ്ഞതോടെ നഗരത്തില്‍ മെട്രോ സർവീസുകൾ പുനരാരംഭിച്ചു. ചെന്നൈ വിമാനത്താവളം ഇന്ന് തന്നെ തുറന്നേക്കും. രാവിലെ 11 മണിയോടെ ചെന്നൈയിലെ 80 ശതമാനം സ്ഥലത്തും വൈദ്യുതി പുന:സ്ഥാപിക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. കനത്ത മഴയെതുടര്‍ന്നുണ്ടായ അപകടങ്ങളിലായി ചെന്നൈയില്‍ മരിച്ചവരുടെ എണ്ണം എട്ടായിട്ടുണ്ട്. മരണസംഖ്യ സംബന്ധിച്ച് ഇന്ന് രാവിലെയാണ് സര്‍ക്കാര്‍ ഔദ്യോഗിക കണക്ക് പുറത്തുവിട്ടത്. ഒരു സ്ത്രീയും ഏഴു പുരുഷന്മാരുമാണ് മരിച്ചതെന്നാണ് സർക്കാർ പറയുന്നത്.