വീണ്ടും പേര് മാറ്റൽ; സാറെയ് കാലെ ഖാൻ ചൗക്ക് ഇനി മുതൽ 'ബിർസ മുണ്ട ചൗക്ക്', പ്രതിമ അനാച്ഛാദനം ചെയ്ത് അമിത് ഷാ
ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുകയും ചെയ്തു.
ദില്ലി: ദില്ലിയിലെ സാറെയ് കാലെ ഖാൻ ചൗക്കിന്റെ പേര് പുന:ർനാമകരണം ചെയ്തു. സാറെയ് കാലെ ഖാൻ ചൗക്ക് ഇനി മുതൽ ബിർസ മുണ്ട ചൗക്ക് എന്നാണ് അറിയപ്പെടുക. കേന്ദ്ര നഗരവികസന മന്ത്രി മനോഹർ ലാൽ ഖട്ടറാണ് ഇക്കാര്യം അറിയിച്ചത്. സ്വാതന്ത്ര്യ സമര സേനാനിയും ഗോത്രവർഗ നേതാവുമായിരുന്ന ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിർസ മുണ്ടയുടെ പ്രതിമ അനാച്ഛാദനം ചെയ്തു.
ഐഎസ്‌ബിടി ബസ് സ്റ്റാൻഡിന് പുറത്തുള്ള വലിയ ചൗക്കാണ് ഇനി മുതൽ ബിർസ മുണ്ട ചൗക്ക് എന്ന് അറിയപ്പെടുക. ഇവിടം സന്ദർശിക്കുന്ന ആളുകൾക്ക് ബിർസ മുണ്ടയെ കുറിച്ച് അറിയാനും അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാനും സാധിക്കുമെന്നും ഇതുവഴി അദ്ദേഹം ആദരിക്കപ്പെടുമെന്നും മനോഹർലാൽ ഖട്ടർ വ്യക്തമാക്കി. മതപരിവർത്തനത്തിനെതിരെയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയും ബിർസ മുണ്ട നടത്തിയ പോരാട്ടങ്ങളെ രാജ്യം നന്ദിയോടെ ഓർക്കുമെന്ന് അമിത് ഷാ പറഞ്ഞു.
ആരാണ് ബിർസ മുണ്ട?
ഇന്ത്യൻ ഗോത്രവർഗ സ്വാതന്ത്ര്യ സമരത്തിലെ വീരനായകനാണ് ബിർസ മുണ്ട. ഛോട്ടാനാഗ്പൂർ മേഖലയിലെ ഗോത്രവർഗ വിഭാഗത്തെ അവരുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്നതിന് പ്രചോദിപ്പിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. ബ്രിട്ടീഷ് ഭരണത്തിനെതിരായ "ഉൽഗുലാൻ" എന്നറിയപ്പെടുന്ന സായുധ വിപ്ലവത്തിന് നേതൃത്വം നൽകിയത് ബിർസ മുണ്ടയാണ്. ഛോട്ടാനാഗ്പൂർ പീഠഭൂമി പ്രദേശത്തെ മുണ്ട ഗോത്രത്തിൽ പെട്ടയാളായിരുന്നു ബിർസ മുണ്ട. 19-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ബ്രിട്ടീഷ് കോളനിവൽക്കരണത്തിൻ കീഴിൽ ബീഹാർ, ജാർഖണ്ഡ് ബെൽറ്റുകളിൽ ഉയർന്നുവന്ന ഒരു ഇന്ത്യൻ ഗോത്രവർഗ ബഹുജന പ്രസ്ഥാനത്തിന് അദ്ദേഹം നേതൃത്വം നൽകി.
ഭൂമി കയ്യേറി ഗോത്രവർഗക്കാരെ അടിമകളാക്കുകയും ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്ത ബ്രിട്ടീഷ് സർക്കാരിനെതിരെ പോരാടാൻ ബിർസ മുണ്ട ആദിവാസി വിഭാഗത്തെ ഉൾപ്പെടെ തനിയ്ക്ക് പിന്നിൽ അണിനിരത്തി. സ്വന്തം ഭൂമി തിരിച്ചു പിടിക്കേണ്ടതിൻ്റെയും അതിന്മേലുള്ള അവരുടെ അവകാശങ്ങൾ സ്ഥാപിക്കുന്നതിൻ്റെയും പ്രാധാന്യം അദ്ദേഹം അവർക്ക് മനസ്സിലാക്കി കൊടുത്തു. അദ്ദേഹം മുമ്പോട്ടുവെച്ച വിശ്വാസ പ്രമാണങ്ങളെ വലിയൊരു സമൂഹം ഏറ്റെടുത്തു. വൈകാതെ തന്നെ അദ്ദേഹത്തിന് 'ധർത്തി ആബ' അഥവാ ഭൂമിയുടെ പിതാവ് എന്ന വിളിപ്പേര് ലഭിച്ചു.
1900 ജൂൺ 9-ന് 25-ാം വയസ്സിലാണ് ബിർസ മുണ്ട അന്തരിച്ചത്. അന്ന് ജയിലിലായിരുന്ന ബിര്‍സ കോളറ ബാധിച്ചാണ് മരിച്ചതെന്ന ബ്രിട്ടീഷ് ഭരണാധികാരികളുടെ വാദം അന്നും ഇന്നും അവിശ്വാസത്തിന്റെ പുകമറയിലാണ്. 2021-ൽ കേന്ദ്ര സർക്കാർ ബിർസ മുണ്ടയുടെ ജന്മദിനമായ നവംബർ 15 'ജൻജാതിയ ഗൗരവ് ദിവസ്' ആയി പ്രഖ്യാപിച്ചിരുന്നു.
READ MORE: മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; അമിത് ഷായുടെ ഹെലികോപ്റ്ററും ബാഗുകളും പരിശോധിച്ച് ഉദ്യോഗസ്ഥർ, വീഡിയോ