വാട്‍സാപ്പിലൂടെ ചാറ്റ് ചോർത്തുന്ന 'പെഗാസസ് വല', ഇന്ത്യയിൽ നോട്ടമിട്ടത് ഇവരെ! പിന്നിലാര്?
ഈ വർഷം മേയിലാണ് പെഗാസസ് ഹാക്കിംഗ് വിവരം പുറത്ത് വരുന്നത്, ഇതിന് ശേഷം വാട്സാപ്പുമായി സഹകരിച്ത് ഹാക്ക് ചെയ്യപ്പെട്ടവരെ വിവരമറിയിക്കുകയും ഇവർക്ക് വേണ്ട സഹായം ചെയ്യുകയും ചെയ്യുന്നത് ടൊറോന്‍റോ യൂണിവേഴ്സിറ്റിയിൽ പ്രവർത്തിക്കുന്ന സിറ്റസൺ ലാബ് എന്ന പ്രൊജക്ടാണ്.
ദില്ലി: പെഗാസസ് ആക്രമണത്തിൽ ഇന്ത്യക്കാരുടെ ഫോണുകളും ചോർത്തപ്പെട്ടുവെന്ന് വെളിപ്പെട്ടതിന് പിന്നാലെ വിവാദങ്ങൾക്കും തുടക്കമായിരിക്കുകയാണ്, ആരാണ് പെഗാസസിന്‍റെ സഹായത്തോടെ മനുഷ്യാവകാശ പ്രവർത്തകരുടെ വിവരങ്ങൾ ചോർത്തിയതെന്ന ചോദ്യമാണ് എറ്റവും പ്രധാനം. വിഷയത്തിൽ വാട്സാപ്പിനോട് നവംബർ നാലാം തീയതിക്കകം വിശദമായ റിപ്പോർട്ട് നൽകണമെന്നാണ് ഐടി മന്ത്രാലയം വാട്സാപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പെഗാസസ് ആക്രമണത്തിന്‍റെ വ്യാപ്തിയെക്കുറിച്ചും ആരുടെ, എന്തൊക്കെ വിവരങ്ങൾ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് വിശദീകരിക്കണമെന്നും വാട്സാപ്പിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഭീമ കൊറേഗാൺ കേസിലെ കുറ്റാരോപിതനായ സുരേന്ദ്ര ഗാഡ്ലിങ്ങിന്‍റെ വക്കീൽ നിഹാൽസിംഗ് റാത്തോഡിന്‍റെ അടക്കം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.
ഈ വർഷം മേയിലാണ് പെഗാസസ് ഹാക്കിംഗ് വിവരം പുറത്ത് വരുന്നത്, ഇതിന് ശേഷം വാട്സാപ്പുമായി സഹകരിച്ത് ഹാക്ക് ചെയ്യപ്പെട്ടവരെ വിവരമറിയിക്കുകയും ഇവർക്ക് വേണ്ട സഹായം ചെയ്യുകയും ചെയ്യുന്നത് ടൊറോന്‍റോ യൂണിവേഴ്സിറ്റിയിൽ പ്രവർത്തിക്കുന്ന സിറ്റസൺ ലാബ് എന്ന പ്രൊജക്ടാണ്. സൈബർ സുരക്ഷാ വിഷയങ്ങളിലും അത് വഴിയുള്ള മനുഷ്യാവകാശ പ്രശ്നങ്ങളിലും ഗവേഷണം നടത്തുന്ന പദ്ധതിയാണ് സിറ്റിസൺ ലാബ്, ( സിറ്റിസൺ ലാബിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വെബ്സൈറ്റ് സന്ദർശിക്കാം: https://citizenlab.ca/about/ )
ഇന്ത്യയിൽ ഇത് വരെ സിറ്റിസൺ ലാബ് ബന്ധപ്പെട്ടവർ ഇവരൊക്കയാണ്....
നിഹാൽ സിംഗ് റാത്തോഡ്
മഹാരാഷട്രയിലെ നാഗ്പൂർ അടിസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമാണ് നിഹാൽസിംഗ് റാത്തോഡ്. വാട്സാപ്പിനെ പെഗാസസ് വിഷയത്തിൽ സഹായിക്കുന്ന സിറ്റിസൺ ലാബിൽ നിന്നുള്ള സുരക്ഷ ഗവേഷകർ ഒക്ടോബർ ഏഴിന് ഇക്കാര്യമറിയിച്ച് കൊണ്ട് റാത്തോഡിനെ ബന്ധപ്പെടുകയായിരുന്നു. 2018 മുതൽ സംശയകരമായ വാട്സാപ്പ് കോളുകൾ തനിക്ക് ലഭിക്കുന്നുണ്ടെന്നാണ് റാത്തോഡ് പറയുന്നത്. അന്താരാഷ്ട്ര നമ്പരിൽ നിന്നായിരുന്നു ഈ കോളുകൾ എല്ലാം. ദുരൂഹമായ ചില ഇമെയിലുകളും ഈ സമയത്ത് ലഭിച്ചിരുന്നതായി അഭിഭാഷകൻ പറയുന്നു. ആ സമയത്ത് വാദിക്കുന്നതോ ഇടപെടുന്നതോ ആയ കേസുമായി ബന്ധപ്പെട്ട സബ്ജക്ട് ലൈനുമായി വരുന്ന ഇമെയിലുകളിൽ ഒരു കംപ്രസ്ഡ് ഫയൽ മാത്രമാണ് ഉണ്ടാവുക ഇത് തുറന്നാൽ ഒന്നും കാണുകയും ഇല്ല. ഹാക്ക് ചെയ്യപ്പെട്ടയാളുടെ ഫോണിലേക്ക് കൂടുതൽ മാൽവെയറുകൾ കടത്താനുള്ള ശ്രമമായിരുന്നു ഇതെന്നാണ് വിലയിരുത്തൽ.
ബെല ഭാട്ടിയ
ഛത്തിസ്‍ഗഢിലെ ബസ്തർ മേഖലയിൽ മനുഷ്യാവകാശ പ്രവർത്തനം നടത്തുന്ന ബെല ഭാട്ടിയ ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ആളാണ്. സിറ്റിസൺ ലാബ് തന്നെയാണ് ബെല ഭാട്ടിയയെയും പെഗാസസ് ആക്രമണത്തെക്കുറിച്ച് അറിയിച്ചത്.
ഇന്ത്യൻ ഗവൺമെന്‍റ് തന്നെയാണ് ഹാക്കിംഗിന് പിന്നിലെന്നാണ് തന്നെ ബന്ധപ്പെട്ടയാൾ പറഞ്ഞതെന്നാണ് ബെല ഭാട്ടിയ പറയുന്നത്. സ്വകാര്യതയെന്ന പൗരന്‍റെ മൗലികാവകാശത്തിന് മേലുള്ള കടന്ന് കയറ്റമാണ് ഇതെന്നും അവർ ആരോപിക്കുന്നു
ഡിഗ്രി പ്രസാദ് ചൗഹാൻ
അഭിഭാഷകനും ദളിത് ആദിവാസി അവകാശപ്രവർത്തകനുമായ ചൗഹാനെയും സിറ്റിസൺ ലാബാണ് ഹാക്കിംഗ് അറിയിച്ചത്. ഒക്ടോബർ 28നാണ് സിറ്റിസൺ ലാബ് തന്നെ സമീപിച്ചതെന്ന് ചൗഹാൻ പറയുന്നു.
ആനന്ദ് തെത്ലുംബുഡെ
കോളേജ് പ്രഫസറായ ആനന്ദിനെ പത്ത് ദിവസങ്ങൾക്ക് മുമ്പാണ് സിറ്റിസൺ ലാബ് ബന്ധപ്പെട്ടത്. സർക്കാർ തന്നെയാണ് ഇതിന് പിന്നിലെന്നാണ് ആനന്ദും ആരോപിക്കുന്നത്.
സിദ്ധാന്ത് സിബൽ
വേൾഡ് ഈസ് വൺ എന്ന ഇംഗ്ലീഷ് ചാനലിന്‍റെ പ്രതിരോധ നയതന്ത്ര റിപ്പോർട്ടറാണ് സിദ്ധാന്ത് സിബൽ, സിദ്ധാന്തിന്‍റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് വേൾഡ് ഈസ് വൺ ന്യൂസ് തന്നെയാണ് പുറത്തറിയിച്ചത്.
ശാലിനി ഗേര
മനുഷ്യാവകാശ പ്രവർത്തകയും അഭിഭാഷകയുമായ ശാലിനി ഗേരയെയും സിറ്റിസൺ ലാബ് തന്നെയാണ് ഹാക്കിംഗ് വിവരം അറിയിച്ചത്.
രുപാലി ജാധവെന്ന മനുഷ്യാവകാശ പ്രവർത്തകയും തന്‍റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് അറിയിച്ചിട്ടുണ്ട്.
ശുഭ്രാൻഷു ചൗധരി
ബിബിസിയുടെ ദക്ഷിണേഷ്യൻ ബ്യൂറോ മുൻ ടിവി , റേഡിയോ പ്രൊഡ്യൂസറായിരുന്ന ശുഭ്രാൻഷു ചൗധരി എട്ട് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലെ ആദ്യ മൊബൈൽ കമ്മ്യൂണിറ്റി റേഡിയോ ആരംഭിച്ചയാളാണ്. ഛത്തീസ് ഗഡിലെ ജനങ്ങൾക്ക് പ്രാദേശിക വാർത്തകൾ കേൾക്കാനും റിപ്പോർട്ട് ചെയ്യാനും കഴിയുന്ന ഓഡിയോ പോർട്ടലാണ് സിജിനെറ്റ് സ്വരയെന്ന ചൗധരിയുടെ പദ്ധതി. ഇദ്ദേഹത്തെയും സിറ്റിസൺ ലാബാണ് ബന്ധപ്പെട്ടത്.
സരോജ് ഗിരി
ദില്ലി യൂണിവേഴ്സിറ്റി പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ സരോജ് ഗിരിയെ കഴിഞ്ഞ മാസമാണ് സിറ്റിസൺ ലാബ് ബന്ധപ്പെട്ടത്.
പെഗാസസ് എന്ന ചാര സോഫ്റ്റ് വെയറിന്‍റെ അസ്ഥിത്വം എൻഎസ്ഒ ഗ്രൂപ്പ് സ്ഥിരീകരിച്ചതാണ്, ഇത് ചാരപ്രവർത്തനങ്ങൾക്കായുള്ളതാണെന്നും അംഗീകരിക്കുന്ന കമ്പനി പക്ഷേ ഈ സോഫ്റ്റ്‍വെയർ സർക്കാരുകൾക്ക് മാത്രമേ വിൽക്കാറുള്ളൂ എന്നാണ് അവകാശപ്പെടുന്നത്. ഭീകരവാദികളെ നിരീക്ഷിക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്നും ഇവർ അവകാശപ്പെടുന്നുണ്ടെങ്കിലും ലോകമെമ്പാടും 1400ഓളം പേർ പെഗാസസിന് ഇരകളാക്കപ്പെട്ടുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.