അച്ഛന്റെ മരണം പൊലീസിനെ അറിയിച്ചത് മകൻ തന്നെ; മക്കളിലൊരാളുടെ പെരുമാറ്റത്തിൽ തുടക്കം മുതൽ സംശയം, ഒടുവിൽ അറസ്റ്റ്
അച്ഛൻ കൊല്ലപ്പെട്ടെന്ന വിവരം ബന്ധുക്കളെയും സഹോദരനെയും പൊലീസിനെയും വിളിച്ച് അറിയച്ചത് ഇളയ മകൻ തന്നെയായിരുന്നു. എന്നാൽ ഇയാളുടെ പെരുമാറ്റത്തിലെ സംശയമാണ് അറസ്റ്റിലേക്ക് നയിച്ചത്
ന്യൂഡൽഹി: 72 വയസുകാരന്റെ മരണത്തിന് പിന്നിൽ സ്വന്തം മകൻ തന്നെയാണെന്ന് പൊലീസ് കണ്ടെത്തി. ഈസ്റ്റ് ഡൽഹിയിലെ അശോക് നഗറിൽ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഗൗതം താക്കൂറിന്റെ മരണം അന്വേഷിച്ച പൊലീസ് സംഘമാണ് ഒടുവിൽ കുടുംബത്തിൽ നിന്നു തന്നെ കൊലയാളിയെ അറസ്റ്റ് ചെയ്തത്. പൊതുമേഖലാ ടെലികോം കമ്പനിയായ എംടിഎൻഎല്ലിൽ നിന്ന് വിരമിച്ച ഗൗതം തന്റെ സ്വത്തുക്കളെല്ലാം മൂത്ത മകന് നൽകുന്നുവെന്ന് ആരോപിച്ചാണ് രഹസ്യമായി കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.
പൊലീസിനെ വഴിതെറ്റിക്കാൻ ഒരു വ്യാജ കഥ തന്നെ മെനഞ്ഞുണ്ടാക്കിയ ശേഷമാണ് മകൻ കൊലപാതകം നടത്തിയത്. രാവിലെ 8.40നാണ് പൊലീസ് സ്റ്റേഷനിൽ കൊലപാതകം സംബന്ധിച്ച വിവരം അറിയിച്ചുകൊണ്ട് ഫോൺ കോൾ എത്തിയത്. ഇളയ മകൻ തന്നെയാണ് ഫോൺ വിളിച്ചത്. രാവിലെ 6.15ന് അച്ഛന്റെ മുറിയിൽ നിന്ന് ബഹളം കേട്ടെന്നും താൻ പോയി നോക്കിയപ്പോൾ അപരിചിതരായ രണ്ട് പേർ ഇറങ്ങി പോകുന്നത് കണ്ടുവെന്നുമായിരുന്നു ഇയാളുടെ മൊഴി. ഈ രണ്ട് പേരാണ് അച്ഛനെ കൊന്നതെന്നും ഇയാൾ പറഞ്ഞു. പിന്നീട് താൻ സഹോദരനെയും മറ്റ് കുടുംബാംഗങ്ങളെയും ശേഷം പൊലീസിനെയും വിവരം അറിയിച്ചു എന്നാണ് പറഞ്ഞത്. ഇതനുസരിച്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
എന്നാൽ ഇയാൾ പറഞ്ഞ പല കാര്യങ്ങളിലും പൊരുത്തക്കേടുണ്ടെന്ന് അന്വേഷണത്തിനിടെ പൊലീസിന് മനസിലായി. പെരുമാറ്റത്തിൽ പ്രകടിപ്പിച്ച അസ്വഭാവികത കൂടുതൽ സംശയം ജനിപ്പിച്ചു. ഇതോടെ അന്വേഷണം ഇയാളെ കേന്ദ്രീകരിച്ചായി. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയും ചെയ്തു. അച്ഛന്റെ പേരിലുണ്ടായിരുന്ന ഭൂമി രണ്ട് വർഷം മുമ്പ് വിൽക്കുകയും അതിൽ നിന്ന് കിട്ടിയ പണം മൂത്ത മകന് ഭൂമി വാങ്ങാൻ കൊടുക്കുകയും ചെയ്തുവെന്ന് ഇയാൾ പറഞ്ഞു.
ഇതിന് പുറമെ ഇപ്പോൾ കുടുംബം താമസിക്കുന്ന സ്ഥലം വിൽക്കാനും അച്ഛനും തന്റെ ജ്യേഷ്ഠനും ചേർന്ന് പദ്ധതിയിടുന്നുണ്ടെന്ന് താൻ മനസിലാക്കി. താൻ അറിയാതിരിക്കാൻ രഹസ്യമായാണ് ഇതെല്ലാം ചെയ്തത്. തന്നെ എല്ലാവരും ചേർന്ന് വഞ്ചിക്കുകയാണെന്ന് തോന്നിയെന്നും തന്റെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടി അച്ഛനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഇയാൾ മൊഴി നൽകി. കൊല്ലാൻ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം