കാറിൽ വച്ച് ഭാര്യയോട് മോശമായി പെരുമാറി, കുടുംബ വക്കീലായ മുതിർന്ന അഭിഭാഷകനെ യുവാവ് മർദ്ദിച്ചുകൊന്നു, അറസ്റ്റ്
ക്ഷേത്ര സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവാവിന്റെ ഭാര്യയോട് അഭിഭാഷകൻ മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം
വഡോദര: ഭാര്യയോട് മോശം പെരുമാറ്റം കുടുംബ വക്കീലിനെ ഇരുമ്പ് വടിക്ക് മർദ്ദിച്ച് കൊന്ന് യുവാവ്. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. മുതിർന്ന അഭിഭാഷകനും 74കാരനുമായ വിത്താൽ പണ്ഡിറ്റ് എന്നയാളാണ് ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. സംഭവത്തിൽ അഭിഭാഷകന്റെ പരിചയക്കാരനായ യുവാവിനെ പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. നരേഷ് റാവൽ എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിന്ദ്രോട്ടിൽ നിന്ന് അമ്രപുരയിലേക്കുള്ള വഴിയിൽ വച്ചായിരുന്നു കൊലപാതകം നടന്നത്. ഇരുവരും ഒരു കാറിലായിരുന്നു സഞ്ചരിച്ചിരുന്നത്.
ഇടയ്ക്ക് കാർ നിർത്തി പുറത്തിറങ്ങിയ യുവാവ് അഭിഭാഷകനുമായി വാക്കുതർക്കമായി. യുവാവ് കാറിന് പുറത്തിറങ്ങിയ സമയത്ത് അഭിഭാഷകൻ കാറിലുണ്ടായിരുന്നു യുവാവിന്റെ ഭാര്യയോടെ മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ശനിയാഴ്ച പാദ്രയിലെ ഒരു ക്ഷേത്ര സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് സംഭവം. ബറോഡ ബാർ അസോസിയേഷൻ അംഗമായ വിത്താൽ പണ്ഡിറ്റ് ഒരു സിവിൽ കേസുമായി ബന്ധപ്പെട്ടാണ് യുവാവിന്റെ കുടുംബവുമായി അടുക്കുന്നത്. വഡോദര കോടതിയിൽ നടന്ന കേസ് വാദിച്ചതും ഇതേ അഭിഭാഷകനായിരുന്നു.
ഈ ബന്ധം കുടുംബമടക്കമുള്ള അടുപ്പത്തിലേക്ക് എത്തുകയായിരുന്നെന്നാണ് പൊലീസ് വിശദമാക്കുന്നത്. കാറിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചായിരുന്നു യുവാവ് അഭിഭാഷകനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അഭിഭാഷകനെ പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചത്. ചികിത്സ ലഭ്യമാക്കിയെങ്കിലും ഇയാളെ രക്ഷിക്കാനായിരുന്നില്ല. കൊലപാതക കുറ്റം ചുമത്തിയാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം