25 ലക്ഷത്തിന്‍റെ ഇൻഷുറൻസ് പരിരക്ഷ, സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ; പ്രകടന പത്രികയുമായി മഹാവികാസ് അഘാഡി
സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ ധനസഹായം, കാർഷിക വായ്പ എഴുതിത്തള്ളൽ, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ തുടങ്ങി നിരവധി ക്ഷേമ പദ്ധതികളാണ് മഹാവികാസ് അഘാഡിയുടെ പ്രകടന പത്രികയിലുള്ളത്.
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ചൂടിലാണ്. സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ ധനസഹായം, കാർഷിക വായ്പ എഴുതിത്തള്ളൽ, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ തുടങ്ങി നിരവധി ക്ഷേമ പദ്ധതികളാണ് ഇൻഡ്യ മുന്നണിയുടെ മഹാവികാസ് അഘാഡി പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിനെ മറികടക്കാന്‍ എന്‍ഡിഎ മുന്നണിയുടെ മഹായുതി പ്രകടന പത്രികയില്‍ എന്തെല്ലാം ഉണ്ടാകുമെന്നാണ് ഇനി അറിയാനുള്ളത്.
ശിവസേന (യുബിടി), എൻസിപി (ശരദ് പവാർ), കോൺഗ്രസ് എന്നീ സംഘടനകളടങ്ങുന്ന മഹാവികാസ് അഘാഡി (എംവിഎ) നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രകടന പത്രികയാണ് പുറത്തിറക്കിയത്. മുംബൈയിലെ എംഎംആർഡിഎ ഗ്രൗണ്ടിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ഉദ്ധവ് താക്കറെ തുടങ്ങിയവർ പങ്കെടുത്ത മെഗാ റാലിയിലാണ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയത്.
സ്ത്രീകൾക്ക് 3,000 രൂപ പ്രതിമാസ ധനസഹായം വാഗ്ദാനം ചെയ്യുന്ന മഹാലക്ഷ്മി സ്കീം, സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കർഷകരുടെ മൂന്ന് ലക്ഷം വരെയുള്ള കടം എഴുതിത്തള്ളൽ, തൊഴിലില്ലാത്ത യുവാക്കൾക്ക് 4,000 രൂപ പ്രതിമാസ സഹായം, ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.
പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിനായി സാമൂഹിക - സാമ്പത്തിക ജാതി സെൻസസ് എന്ന വാഗ്ദാനവും പ്രകടന പത്രികയിലുണ്ട്. ഈ സെൻസസിന് ശേഷം മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് സംവരണ പരിധി പുനനിർണയിക്കുമെന്നാണ് പ്രഖ്യാപനം. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ ഇഡി, സിബിഐ പോലുള്ള കേന്ദ്ര ഏജൻസികളെ കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നതായി, രാഹുൽ ഗാന്ധി പ്രകടന പത്രിക പുറത്തിറക്കിയ ശേഷം പൊതുയോഗത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.
288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 20 ന് നടക്കും, മൂന്ന് ദിവസത്തിന് ശേഷം നവംബർ 23ന് വോട്ടെണ്ണും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം