തെരഞ്ഞെടുപ്പ് കാലത്ത് ഇങ്ങനെ ചുമ്മാ കയറിയങ്ങ് റെയ്ഡ് ചെയ്യാമോ? പാലക്കാട്ടെ പാതിരാ പരിശോധനയിലെ പഴുതുകൾ ഇവയാണ്

പ്രതിപക്ഷത്തിന്റെ ആരോപണം പാലക്കാട് എസ്പി ജില്ലയിൽ നിന്നുള്ള മന്ത്രി എംബി രാജേഷിന്റെ നിർദേശാനുസരണം റെയ്ഡിന് നിർദേശം നൽകിയെന്നാണ്. 

Loopholes in palakkad police night raid

പാലക്കാട്: പാലക്കാട് പ്രചാരണത്തിന് എത്തിയ കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിൽ പൊലീസ് നടത്തിയ പാതിരാ പരിശോധനയിൽ നിയമപരമായ നിരവധി പിഴവുകൾ. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു കഴിഞ്ഞാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശാനുസരണം മാത്രം പ്രവർത്തിക്കേണ്ട സർക്കാർ ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പൊലീസും വരുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണം പാലക്കാട് എസ്പി ജില്ലയിൽ നിന്നുള്ള മന്ത്രി എംബി രാജേഷിന്റെ നിർദേശാനുസരണം റെയ്ഡിന് നിർദേശം നൽകിയെന്നാണ്. അത് ശരിയെങ്കിൽ മന്ത്രിയും ഗുരുതരമായ പെരുമാറ്റ ചട്ട ലംഘനം നടത്തിയെന്നു വരും. എന്നാൽ ഇക്കാര്യം ജില്ലാ ഇലക്ടറൽ ഓഫീസർ ആയ കളക്ടർ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകുന്ന റിപ്പോർട്ടിൽ പറയുന്നില്ലെങ്കിൽ നിയമപരമായി മന്ത്രിക്കെതിരെ നടപടികൾ സാധ്യമല്ല. 

തെരഞ്ഞെടുപ്പിൽ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനും വോട്ടർമാർക്ക് പണവും മദ്യവും നൽകി സ്വാധീനിക്കാനുള്ള ശ്രമങ്ങൾ തടയാനും വിപുലമായ സംവിധാനങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്. കമ്മീഷന്റെ നിരവധി സ്‌ക്വാഡുകൾ പാലക്കാട് മണ്ഡലത്തിൽ കള്ളപ്പണം തേടി നടക്കുമ്പോഴാണ് അവരെയൊന്നും അറിയിക്കാതെ പൊലീസ് സ്വന്തം നിലയിൽ കള്ളപ്പണ വേട്ടയ്ക്ക് ഇറങ്ങിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനൊപ്പം തെരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കാനായി ഒരു മുതിർന്ന ഉദ്യോഗസ്ഥനെ എക്സ്പെൻഡിച്ചർ ഓഫീസർ ആയി മണ്ഡലത്തിലേക്ക് കമ്മീഷൻ നിയോഗിക്കും. ഇദ്ദേഹത്തെ സഹായിക്കാൻ അസിസ്റ്റന്റ് എക്സ്പെൻഡിച്ചർ ഓഫീസറും ഉണ്ടാകും. കള്ളപ്പണം ഒഴുകുന്നത് തടയാനും അങ്ങനെ എത്തുന്ന പണം പിടിച്ചെടുക്കാനും വിശദമായ മാർഗരേഖ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകൻ കമ്മീഷന്റെ കണ്ണും കാതുമായി പ്രവർത്തിക്കണമെന്നാണ് ചട്ടങ്ങളിൽ പറയുന്നത്. നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ ചെലവ് നിരീക്ഷകൻ പൊലീസ്, ആദായ നികുതി വകുപ്പ്, എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ച് പരിശോധന നടത്തണം. വ്യക്തമായ വിവരം ഉണ്ടെങ്കിലും നിരീക്ഷകൻ നേരിട്ട് പരിശോധനക്ക് ഇറങ്ങാൻ പാടില്ലെന്ന് പല സർക്കുലറുകളിലായി കമ്മീഷൻ ആവർത്തിച്ചിട്ടുള്ള കാര്യമാണ്. മണ്ഡലത്തിലേക്ക് ഒഴുകാൻ സാധ്യതയുള്ള കള്ളപ്പണം കണ്ടെത്താനുള്ള ഉത്തരവാദിത്തം കമ്മീഷൻ നിശ്ചയിച്ച് നൽകിയിരിക്കുന്നത് ഫ്ലയിങ് സ്ക്വാഡുകൾക്കും സ്റ്റാറ്റിക് സർവൈലൻസ് സ്ക്വാഡുകൾക്കുമാണ്. ഒരു മണ്ഡലത്തിൽ ഏറ്റവും കുറഞ്ഞത് മൂന്ന് ഫ്ലയിങ് സ്‌ക്വാഡും മൂന്ന് സർവൈലൻസ് സ്‌ക്വാഡും ഉണ്ടാകണമെന്നതാണ് ചട്ടം. പാലക്കാട് അൻപതോളം സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ട്. ഫ്ലയിങ് സ്‌ക്വാഡുകൾ മണ്ഡലം ആകെ സഞ്ചരിച്ച് പരിശോധന നടത്തുമ്പോൾ സർവൈലൻസ് ടീം താൽക്കാലിക ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് നിരന്തര വാഹന പരിശോധന നടത്തുകയാണ് ചെയ്യുന്നത്.

ആർഡിഓ, എഡിഎം റാങ്കിലുള്ള ഒരു സീനിയർ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, ഒരു സീനിയർ പൊലീസ് ഓഫീസർ, മൂന്നോ നാലോ പൊലീസ് ഉദ്യോഗസ്ഥർ, ഒരു വീഡിയോഗ്രാഫർ എന്നിവർ അടങ്ങുന്നതാണ് ഓരോ സ്‌ക്വാഡും. സ്വന്തമായി ഒരു വാഹനവും മൊബൈൽ ഫോണും വീഡിയോ ക്യാമറയും പണം പിടിച്ചെടുക്കേണ്ടി വന്നാൽ മഹസർ തയാറാക്കാൻ വേണ്ട ഫോമുകളും സ്‌ക്വാഡിനൊപ്പം ഉണ്ടാവണം. എല്ലാ പരിശോധനകളും വീഡിയോയിൽ പകർത്തണമെന്നും ചട്ടങ്ങൾ നിഷ്കർഷിക്കുന്നു. പാലക്കാട് പൊലീസ് റെയ്ഡ് തുടങ്ങി ഒരു മണിക്കൂറിനു ശേഷമാണ് ജില്ലാ കളക്ടറെ വിവരം അറിയിക്കുന്നത്. കളക്ടർ ഉടൻ തന്നെ വിവരം സ്‌ക്വാഡിന് കൈമാറുകയായിരുന്നു. സ്‌ക്വാഡ് കെപിഎം ഹോട്ടലിൽ എത്തുമ്പോൾ റെയ്ഡ് കഴിഞ്ഞ് രണ്ടു മണിക്കൂർ പിന്നിട്ടിരുന്നു. പ്രശ്നം വഷളാകുന്നത് തിരിച്ചറിഞ്ഞ് വൈകിയാണെങ്കിലും നിയമപരമായ ബാധ്യതകൾ നിറവേറ്റാൻ പൊലീസ് ശ്രമിച്ചതായി വേണം കരുതാൻ.

ഇതൊക്കെയാണെങ്കിലും പൊലീസ് റെയ്‌ഡിനെ കളക്ടർ ന്യായീകരിച്ചത് എന്തുകൊണ്ടാണ്? തെരഞ്ഞെടുപ്പ് എന്ന ഘടകത്തെ മാറ്റി നിർത്തിയാലും കണക്കിൽ പെടാത്ത പണം പിടിച്ചെടുത്താൽ ഭാരതീയ ന്യായ സംഹിത ചട്ടങ്ങൾ പ്രകാരം പൊലീസിന് കേസ് എടുക്കാനും സംശയിക്കുന്ന ആൾക്കാരെ കസ്റ്റഡിയിൽ എടുക്കാനും കഴിയും. തൊണ്ടിമുതൽ കണ്ടെടുക്കാൻ കഴിയാത്തതിനാലാണ് പാലക്കാട്ട് പൊലീസിന് പണി കിട്ടിയത് എന്ന് ചുരുക്കം. 

ഒരുപാട് പേരാണ് ഇങ്ങനെയുള്ള പരാതികളുമായി ആര്‍ടി ഓഫീസിൽ എത്തുന്നത്; മുന്നറിയിപ്പുമായി എംവി‍ഡി

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios