ജോലിക്ക് പോകുന്നതിനിടെ കുഴഞ്ഞുവീണു, ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു; മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
ആറ് വർഷമായി ഇദ്ദേഹം നാട്ടില്‍ പോയിരുന്നില്ല.
റിയാദ്: കഴിഞ്ഞ ആഴ്ച സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയയായ അൽബാഹയിൽ നിര്യാതനായ തിരുവനന്തപുരം പൂവച്ചൽ സ്വദേശി ഷജീമിന്‍റെ (43) മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ചു. എയർ ഇന്ത്യയുടെ ജിദ്ദ-ദില്ലി-തിരുവനന്തപുരം വിമാന സർവീസിൽ വൈകീട്ട് രാത്രി 6.40 നാണു നാട്ടിലെത്തിച്ചത്.
15 വർഷത്തോളമായി അൽബാഹ ഫിഷ് മാർക്കറ്റിൽ ജോലിചെയ്യുന്ന ഷജിം ജോലിക്ക് പോകുന്നതിനിടെ മാർക്കറ്റിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ അൽബാഹ കിംഗ് ഫഹദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ മുഹമ്മദലി മീരായുടെയും സുബൈദ ബീവിയുടെയും രണ്ടാമത്തെ മകനാണ് ഷജിം. ജേഷ്ഠ സഹോദരൻ ഷജിസാദ് 25 വർഷങ്ങൾക്ക് മുമ്പ് അൽബാഹയിൽ വെച്ച് അപകടത്തിൽ മരിച്ചിരുന്നു. ഒരു സഹോദരിയുമുണ്ട്.
ആറ് വർഷമായി നാട്ടിൽ പോകാതിരുന്ന ഷജിം, ഭാര്യ നജീമയും രണ്ട് ആൺ മക്കളും അടങ്ങുന്ന കുടുംബത്തെ മൂന്ന് മാസം മുമ്പ് സന്ദർശക വിസയിൽ കൊണ്ടുവന്നിരുന്നു. രണ്ടാഴ്ച മുമ്പാണ് അവർ നാട്ടിലേക്ക് തിരിച്ചുപോയത്. മൃതദേഹവുമായി ബന്ധപ്പെട്ട നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളുമായ നവാസ്, അനസ്, സുധീർ, മഹ്‌റൂഫ് കോൺസുലേറ്റ് കമ്മ്യൂനിറ്റി വെൽഫെയർ കമ്മിറ്റി അംഗങ്ങളായ സയ്യിദലി അരീക്കര, യൂസുഫലി എന്നിവരും രംഗത്തുണ്ടായിരുന്നു. മൃതദ്ദേഹത്തെ സഹോദരിയുടെ മകൻ അനസ് അനുഗമിച്ചിരുന്നു.
Read Also - ജോലി തേടിയെത്തുന്നവരുടെ കുത്തൊഴുക്ക്; യുഎഇയിൽ ഈ മേഖലകളിൽ ശമ്പളം കുറയുന്നു, പ്രവാസികൾക്ക് തിരിച്ചടി