ചുഴലിക്കാറ്റിന്റെ കഷ്ടപ്പാടുകൾ മാറും മുൻപേ പാടങ്ങൾ കീഴടക്കി പുഴുക്കൾ, വലഞ്ഞ് കർഷകർ
ഡിസംബറിൽ വിളവെടുപ്പിന് തയ്യാറായ ഉഴുന്നു പാടങ്ങളിൽ ശലഭ പുഴു ശല്യം രൂക്ഷം. ചെടികൾ നിന്ന് നശിപ്പിച്ചു. കർഷകർക്ക് വലിയ നഷ്ടം
ഭുവനേശ്വർ: കനത്ത നാശം വിതച്ച ദാന ചുഴലിക്കാറ്റിന് പിന്നാലെ ഉരുന്നുപാടങ്ങൾ കീഴടക്കി പുഴുക്കൾ, വലഞ്ഞ് കർഷകർ. ഒഡിഷയിലെ ഭുവനേശ്വറിന് സമീപത്തെ പട്ടമുണ്ടൈയിലെ ഉഴുന്ന് പാടങ്ങൾ ശലഭ പുഴുക്കളേക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഉഴുന്ന് ചെടികളെല്ലാം തന്നെ ശലഭ പുഴുക്കൾ തിന്നുനശിപ്പിച്ച നിലയിലാണ്.
അലപുവാ, താരിഡിപൽ, പെന്തപൽ, സിംഗ്ഗാവ്, അന്താര, അമൃത് മോണോഹി, ബലൂരിയ എന്നിവിടങ്ങളിൽ നദീ തീരത്തെ മുഴുവൻ പാടങ്ങളും പുഴുക്കളുടെ പിടിയിലാണ്. അടുത്തിടെ കനത്ത നാശം വിതച്ച ദാന ചുഴലിക്കാറ്റിന് പിന്നാലെയാണ് പുഴുക്കളുടെ ശല്യം തുടങ്ങിയതെന്നാണ് കർഷകർ പരാതിപ്പെടുന്നത്. ഡിസംബറിൽ വിളവെടുപ്പിന് തയ്യാറായ പാടങ്ങളിലെല്ലാം തന്നെ പുഴു ശല്യം രൂക്ഷമാണ്. പുഴുക്കളെ പ്രതിരോധിക്കാനുള്ള കർഷകരുടെ ശ്രമങ്ങൾ എല്ലാം തന്നെ പാഴാവുന്ന കാഴ്ചയും ഇവിടെയുണ്ട്.
ചെടികൾ പൂർണമായും പുഴുക്കൾ തിന്ന് നശിപ്പിച്ചിട്ടും കാർഷിക വകുപ്പ് പ്രതിവിധി നിർദ്ദേശങ്ങൾ നൽകിയില്ലെന്നുമാണ് കർഷകർ ആരോപിക്കുന്നത്. പുഴുശല്യം രൂക്ഷമായ നിലയിലാണെന്നാണ് ജില്ലാ കാർഷിക വകുപ്പ് അധികൃതർ പ്രതികരിക്കുന്നത്. ബാധിക്കപ്പെട്ട പാടങ്ങളുടെ വിവരം ശേഖരിക്കാൻ ബ്ലോക്ക് തലത്തിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും കാർഷിക വകുപ്പ് വിശദമാക്കുന്നു. കളനാശിനികൾ 50 ശതമാനം വിലക്കുറവിൽ കർഷകർക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതർ വിശദമാക്കുന്നത്.
എന്നാൽ പരാതി ആദ്യം മുതൽ ഉയർത്തിയിട്ടും കളനാശിനി വിളവ് പൂർണമായി നഷ്ടമായ ശേഷമാണ് അധികൃതർ ലഭ്യമാക്കിയതെന്നും വിളയ്ക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നുമാണ് കർഷകർ ആവശ്യപ്പെടുന്നത്. പലയിടങ്ങളിലും കാർഷിക വകുപ്പ് അധികൃതർ പലയിടത്തും കൃഷിയിടങ്ങൾ സന്ദർശിക്കാൻ പോലും തയ്യാറായില്ലെന്ന് പരാതി ഉയരുന്നതിനിടെ റാബി വിളയെ പുഴു ശല്യം സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് അധികൃതർ വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം