ഐഎംഎ പ്രസിഡന്റിനെതിരെ ബാബ രാംദേവിന്റെ സഹായി ആചാര്യ ബാലകൃഷ്ണ
അലോപ്പതി ചികിത്സ വിഡ്ഢിത്തമാണെന്ന രാംദേവിന്റെ പ്രസ്താവനയ്ക്കെതിരേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നേരത്തേ രംഗത്തെത്തിയിരുന്നു.
ദില്ലി: രാജ്യത്തെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) പ്രസിഡന്റ് ഗൂഢാലോചന നടത്തുന്നതായി ബാബാ രാംദേവിന്റെ സഹായി ആചാര്യ ബാലകൃഷ്ണ. യോഗയെയും, ആയുർവേദത്തെയും, ബാബ രാം ദേവിനെ ഐഎംഎ പ്രസിഡന്റ് ലക്ഷ്യമാക്കുന്നത് രാജ്യത്തെ ക്രിസ്തുമതത്തിലേക്ക് നയിക്കുന്നതിന് വേണ്ടിയാണ്.
പൗരന്മാര് ഇനിയും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ വരും തലമുറ നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്ന് ബാലകൃഷ്ണ ട്വിറ്ററിൽ കുറിച്ചു. ഐഎംഎ പ്രസിഡന്റ് ഡോ. ജെ.എ. ജയലാലാണ് മതപരിവർത്തനത്തിന് നേതൃത്വം നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ബാലകൃഷ്ണയുടെ ട്വീറ്റിനെതിരേ ഡോക്ടർമാർ ഉൾപ്പെടെ നിരവധിപ്പേർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
അലോപ്പതി ചികിത്സ വിഡ്ഢിത്തമാണെന്ന രാംദേവിന്റെ പ്രസ്താവനയ്ക്കെതിരേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നേരത്തേ രംഗത്തെത്തിയിരുന്നു. കൊവിഡ് രോഗികളിലെ ചികിത്സയ്ക്കായി ഡ്രഗ്സ് കൺട്രോളർ ജനറൽ അനുമതി നല്കിയ റംഡിസീവർ, ഫവിഫ്ലൂ തുടങ്ങിയ മരുന്നുകൾ പരാജയമാണെന്നുമാണ് രാംദേവ് പറഞ്ഞത്.
പരാമർശം വിവാദമായതോടെ രാംദേവിനോട് പ്രസ്താവന പിൻവലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്തി ഹർഷവർധൻ ആവശ്യപ്പെട്ടിരുന്നു അലോപ്പതി മരുന്നുകൾ രാജ്യത്തെ കോടിക്കണക്കിനാളുകളുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. കോവിഡ് മുന്നണിപ്പോരാളികളുടെ ആത്മധൈര്യം ചോർത്തുന്ന പ്രസ്താവന പിൻവലിക്കണമെന്ന് രാംദേവിനു നല്കിയ കത്തിൽ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. പിന്നാലെ രാംദേവ് പ്രസ്താവന പിൻവലിക്കുകയും ചെയ്തിരുന്നു.