മഹായുതി കൊടുങ്കാറ്റിൽ അടിതെറ്റി അഘാഡി; മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷ നേതാവ് ഉണ്ടാകില്ല

288 അം​ഗ നിയമസഭയിൽ 10 ശതമാനം അല്ലെങ്കിൽ 29 സീറ്റുകൾ ഉള്ള ഒരു പാർട്ടിക്ക് മാത്രമേ പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാൻ സാധിക്കൂ. 

There may be no Leader of Opposition in the newly elected Maharashtra Assembly

മുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം അധികാരം ഉറപ്പിച്ചു കഴിഞ്ഞു. പ്രതിപക്ഷ സഖ്യം ദയനീയ പരാജയം ഏറ്റുവാങ്ങിയ തെരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെ വിഭാ​ഗം ശിവസേനയുടെയും എൻസിപി (ശരദ് പവാർ), കോൺ​ഗ്രസ് ശക്തികേന്ദ്രങ്ങളിലും ഉൾപ്പെടെ സമസ്ത മേഖലയിലും ബിജെപി സഖ്യം കടന്നുകയറി. ഇതോടെ പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷ നേതാവ് ഉണ്ടാകാനുള്ള സാധ്യത അസ്തമിച്ചെന്ന് തന്നെ പറയാം. പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാൻ ഒരു ഒരു പ്രതിപക്ഷ പാർട്ടിക്കും കഴിഞ്ഞേക്കില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

288 അം​ഗ നിയമസഭയിൽ 10 ശതമാനം അല്ലെങ്കിൽ 29 സീറ്റുകൾ ഉള്ള ഒരു പാർട്ടിക്ക് പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാൻ സാധിക്കും. എന്നാൽ, മഹാവികാസ് അഘാടി സഖ്യത്തിലെ ഒരു പാർട്ടിയ്ക്കും 29 സീറ്റുകൾ ലഭിക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിലെ കണക്കുകൾ പ്രകാരം പ്രതിപക്ഷത്തുള്ള ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) 20 സീറ്റുകളിൽ വിജയിച്ചു കഴിഞ്ഞു. എവിടെയും ലീഡ് ചെയ്യുന്നുമില്ല. കോൺഗ്രസ് 14 സീറ്റുകളിൽ വിജയിക്കുകയും 2 സീറ്റുകളിൽ ലീഡ് ചെയ്യുന്നുമുണ്ട്. ഇതുകൂടി കൂട്ടിയാലും സീറ്റുകളുടെ എണ്ണം 16ൽ ഒതുങ്ങിയേക്കും. എൻ.സി.പി (ശരദ് പവാർ വിഭാ​ഗം) 10 സീറ്റുകളിൽ ഒതുങ്ങി. ഒരിടത്തും ലീഡ് ചെയ്യുന്നില്ല. പ്രതിപക്ഷ പാർട്ടികൾ ലീഡ് ചെയ്യുന്നിടത്ത് വിജയിച്ചാലും പ്രതിപക്ഷ നേതാവിനെ നാമനിർദേശം ചെയ്യാൻ കഴിയില്ലെന്നതാണ് നിലവിലെ സ്ഥിതി. ഇനി 8 സീറ്റുകളിലെ അന്തിമ ഫലമാണ് പുറത്തുവരാൻ ഉള്ളത്. ഇതിൽ തന്നെ ആറിടത്ത് മഹായുതി സഖ്യമാണ് ലീഡ് ചെയ്യുന്നത്. 

നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ പ്രതിപക്ഷ നേതാവില്ലാത്ത 16-ാം ലോക്‌സഭയ്ക്ക് സമാനമായി 15-ാമത് മഹാരാഷ്ട്ര നിയമസഭയും പ്രതിപക്ഷ നേതാവില്ലാതെ പ്രവർത്തിക്കേണ്ടി വരും. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ഗുജറാത്ത്, മണിപ്പൂർ, നാഗാലാൻഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലും 10 ശതമാനമെങ്കിലും സീറ്റുകളുള്ള പ്രതിപക്ഷ പാർട്ടികൾ ഇല്ലാത്തതിനാൽ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. 

READ MORE: 'വികസനവും സദ്ഭരണവും വിജയിച്ചു'; മഹാരാഷ്ട്രയിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Latest Videos
Follow Us:
Download App:
  • android
  • ios